Sorry, you need to enable JavaScript to visit this website.

അട്ടപ്പാടിയിൽ വെടിയേറ്റു മരിച്ച  നാലു മാവോവാദികളെയും തിരിച്ചറിഞ്ഞു

പാലക്കാട്- അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ വെടിയേറ്റു മരിച്ച നാലു മാവോവാദികളേയും തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ ഒക്‌ടോബർ 28, 29 തീയതികളിലായി നടന്ന വെടിവെപ്പിൽ മരണമടഞ്ഞവരെക്കുറിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഡി.എൻ.എ, ഫോറൻസിക് റിപ്പോർട്ടുകൾ ഉൾപ്പെെടയുള്ള രേഖകൾ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. മണിവാസകം, കാർത്തിക് എന്നിവർ കൊല്ലപ്പെട്ടതായി വെടിവെപ്പ് നടന്ന ദിവസങ്ങളിൽ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. എന്നാൽ മറ്റു രണ്ടു പേരുടെ കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. കന്യാകുമാരി സ്വദേശിനി അജിത, ചെന്നൈ സ്വദേശി ശ്രീനിവാസൻ എന്നിവരാണ് അതെന്ന് ഡി.എൻ.എ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചക്കണ്ടി വെടിവെപ്പ് വ്യാജ ഏറ്റുമുട്ടൽ ആയിരുന്നുവെന്ന ആരോപണം തള്ളിക്കളയുന്നതാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ മാവോവാദികൾ ഉപയോഗിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു. കേസിന് ബലം കിട്ടാൻ പോലീസ് തന്നെയാണ് ഉത്തരേന്ത്യയിൽ മാവോവാദികൾ ഉപയോഗിക്കുന്ന രീതിയിലുള്ള തോക്കുകളും മറ്റ് ആയുധങ്ങളും സ്ഥലത്ത് സ്ഥാപിച്ചത് എന്ന ആരോപണം ഉയർന്നിരുന്നു. വെടിവെപ്പ് നടന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും പ്രവേശനം നിഷേധിച്ചതും വിവാദം ആളിപ്പടരാൻ വഴിയൊരുക്കി. കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച മാവോ വാദികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി എന്നതായിരുന്നു സംസ്ഥാന പോലീസ് സേനക്കെതിരേ ഉയർന്ന പ്രധാന ആരോപണം. പ്രതിപക്ഷത്തിനു പുറമേ സി.പി.ഐ ഉൾപ്പെെടയുള്ള സഖ്യ കക്ഷികളും മനുഷ്യാവകാശ പ്രവർത്തകരും ആ വാദം ഉന്നയിച്ചതോടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്പിന്റെ പരിശോധനയുൾപ്പെെടയുള്ള നടപടിക്രമങ്ങളാണ് ഇനിയും പൂർത്തിയാവാനുള്ളത്. അത് കഴിഞ്ഞാൽ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഫിറോസ്. എം.ഷഫീഖ് ആണ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് കൈമാറിയത്. വെടിവെപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് മലപ്പുറം എസ്.പി കെ.വി.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ്. 

Latest News