ലണ്ടന്‍ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു

ലണ്ടന്‍- ബ്രിട്ടനില്‍ വൈറസ് വ്യാപനത്തിന് ശമനമൊന്നുമില്ലാതെ തുടരുകയാണ്. ആശുപത്രികളില്‍ ആദ്യതവണയെക്കാള്‍ കൂടുതല്‍ രോഗികളാണ് രണ്ടാം തരംഗത്തിലെത്തുന്നത്. മിക്ക ആശുപത്രികളും നിറഞ്ഞു കവിഞ്ഞു. ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. നഗരത്തിലെ ആശുപത്രികളില്‍ സ്ഥലമില്ലാത്തതിനാല്‍ രോഗികളുമായെത്തുന്ന പല ആംബുലന്‍സുകളും വിദൂര കേന്ദ്രങ്ങളിലേക്ക് അയക്കേണ്ടി വരുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
നിരവധി രാജ്യങ്ങള്‍ യു.കെയിലേക്ക് യാത്രാനിരോധം ഏര്‍പ്പെടുത്തിയതോടെ ചരക്കുനീക്കം ഉള്‍പ്പെടെ സ്തംഭിച്ചത് ബ്രിട്ടനെ വന്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ യാത്രാനിരോധം നീക്കണമെന്ന യൂറോപ്യന്‍ കമ്മീഷന്‍ ശുപാര്‍ശ പരിഗണിക്കപ്പെട്ടേക്കും. എന്നാല്‍ അതിവേഗ വ്യാപനശേഷിയുള്ള പുതിയ ശ്രേണി വൈറസ് തങ്ങളുടെ രാജ്യത്തുമെത്തുമോ എന്ന ആശങ്കയിലാണ് യൂറോപ്യന്‍ രാജ്യങ്ങളെല്ലാം. ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഇറ്റലി എന്നിവിടങ്ങളിലും നവ വൈറസ് സാന്നിധ്യമുണ്ട്. കരഗതാഗതം പുനരാരംഭിക്കാന്‍ ഫ്രാന്‍സും യു.കെയും ചര്‍ച്ച നടത്തിവരികയാണ്. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം കടത്തിവിടാനുള്ള തീരുമാനം കൈക്കൊണ്ടേക്കും. അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ട ട്രക്കുകളുടെ എണ്ണം കൂടിവരികയാണ്. ഇപ്പോള്‍ മൂവായിരത്തിലധികം ലോറികളാണ് കെന്റ് അതിര്‍ത്തിയിലുള്ളത്.

 

Latest News