കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പി നേതാക്കളെ റോഹിംഗ്യകള്‍ ആക്രമിക്കുന്നുവെന്ന അടിക്കുറിപ്പോടെ വ്യാജ വീഡിയോ പ്രചരിക്കുന്നു.
ജനക്കൂട്ടം ആക്രമിക്കുന്ന വീഡിയോയില്‍ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷിനെയും കാണാം.
സംസ്ഥാനത്തെ ഹിന്ദുക്കളെ റോഹിംഗ്യകള്‍ തല്ലിച്ചതച്ചുവെന്നാണ് ഹിന്ദിയിലുള്ള അടിക്കുറിപ്പില്‍ പറയുന്നത്.
പശ്ചിമ ബംഗാളിലെ ഹിന്ദുക്കളുടെ അവസ്ഥ നോക്കൂ. റോഹിംഗ്യകള്‍ ഒരു ഹിന്ദുവിനെ കടന്നുപോകാനോ അവരുടെ പ്രദേശങ്ങളില്‍ പ്രചാരണം നടത്താനോ അനുവദിക്കുന്നില്ല. അതിനാലാണ് എന്‍.ആര്‍.സി ആവശ്യമായി വരുന്നത്. ഈ കുടിയാന്മാര്‍ നിര്‍ബന്ധമായും പുറത്തു പോകുക തന്നെ വേണമെന്നും അടിക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ ഡാര്‍ജിലിംഗിലെ ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജെജെഎം) അംഗങ്ങള്‍ ദിലീപ് ഘോഷിനെയും മറ്റ് ബിജെപി പ്രവര്‍ത്തകരെയും ആക്രമിക്കുന്നതിന്റെ 2017 ലെ വീഡിയോ ആണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം റിപ്പോര്‍ട്ട് ചെയ്തു.






