Sorry, you need to enable JavaScript to visit this website.

പ്ലാന്റേഷൻ തൊഴിലാളികൾക്ക് നേരെ  കൊലയാളി ആനയുടെ ആക്രമണ ശ്രമം

കൊലയാളി കൊമ്പൻ പ്ലാന്റേഷൻ കോർപ്പറേഷൻ റബർ തോട്ടത്തിൽ.

എടക്കര-തമിഴ്നാട് വനമേഖലയിൽ നിന്നു മുണ്ടേരി വനത്തിലെത്തിയ കൊലയാളി കൊമ്പൻ വാണിയംപുഴ പ്ലാന്റേഷനിലെ തൊഴിലാളികൾക്കു നേരെ ആക്രമണ ശ്രമം. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് കൊലയാളി ആന, തീ കാഞ്ഞുകൊണ്ടിരുന്ന തൊഴിലാളികൾക്കു നേരെ ആക്രമണ ശ്രമം നടത്തിയത്. തൊഴിലാളികൾ ഓടി രക്ഷപെട്ട് വാണിയംപുഴ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. വനപാലകരെത്തിയപ്പോഴേക്കും ആന കാടുകയറുകയും ചെയ്തു. മുതുമല വെറ്ററിനറി സർജൻ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ കേരള-തമിഴ്നാട് വനസേന സംയുക്തമായി ഇന്നലെയും കൊമ്പനെ നിരീക്ഷണം നടത്തിയിരുന്നു. കാൽപ്പാടുകൾ കണ്ടെങ്കിലും ആനയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച കണ്ടെത്തിയ വനമേഖലയിൽ തന്നെയാണ് ആനയുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. വാണിയംപുഴ പ്ലാന്റേഷൻ കോർപറേഷൻ തോട്ടത്തിനും കുമ്പളപ്പാറ കോളനിക്കുമിടയിലുള്ള വനത്തിലാണ് ആന ഇപ്പോഴുള്ളത്. കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിനുള്ള സാധ്യത പഠിക്കാനാണ് മുതുമല വന്യജീവി സങ്കേതത്തിന്റെ വെറ്ററിനറി ഡോക്ടർ രാജേഷ്‌കുമാർ ഇന്നലെ എത്തിയിരുന്നത്. എന്നാൽ ഒരു ഭാഗം പുഴയും ചരിവുള്ള വനപ്രദേശവുമായതിനാൽ മയക്കുവെടി വയ്ക്കുക അസാധ്യമാണെന്നാണ് വെറ്ററിനറി സർജന്റെ വിലയിരുത്തൽ. ഇതുസംബന്ധിച്ച റിപ്പോർട്ട് ഗൂഢല്ലൂർ
ഡിഎഫ്ഒക്ക് കൈമാറും. തുടർന്ന് തമിഴ്നാട് വനംവകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കും.  മനുഷ്യരുടെ സാന്നിധ്യമോ, ശബ്ദമോ ഉള്ളിടത്തേക്ക് കൊലയാളി ആന എത്തുമെന്നതിനാൽ വാണിയംപുഴ, കുമ്പളപ്പാറ കോളനിക്കാരോട് നേരം പുലർന്നു കഴിഞ്ഞു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളുവെന്നു നിർദേശം നൽകിയിട്ടുണ്ട്. പ്ലാന്റേഷൻ കോർപറേഷനിലെ ടാപ്പിംഗ് തൊഴിലാളികളോട് ഏഴു മണിക്ക് ശേഷം ടാപ്പിംഗ് നടത്താനും നിർദേശം നൽകി. വാണിയംപുഴ ബീറ്റ് ഫോറസ്റ്റ് ഓഫീസർ യാസിർ കരുണിയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ നിരീക്ഷണം നടത്തിയത്. അടുത്ത ദിവസങ്ങളിലും കൊലയാളി ആനയ്ക്കായുള്ള നിരീക്ഷണം തുടരും.

Latest News