തിരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നെന്ന് യു.ഡി.എഫ്

കൊച്ചി- കോവിഡിന്റേയും പോസ്റ്റൽ ബാലറ്റിന്റേയും മറവിൽ പോളിങ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എൽ.ഡി.എഫ് വ്യാപകമായി തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന് എറണാകുളം ജില്ല യു.ഡി.എഫ് അവലോകനയോഗം. പലയിടത്തും യു.ഡി.എഫ് അനുഭാവികളായ കോവിഡ് രോഗികൾക്ക് വോട്ടവകാശം നിഷേധിച്ചു. പോസ്റ്റൽ ബാലറ്റുകൾ എൽ.ഡി.എഫ് പണം നൽകി വാങ്ങിയെന്നും അവലോകന യോഗം വിലയിരുത്തി. എറണാകുളം ജില്ലയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടും കൊച്ചി കോർപ്പറേഷനിൽ പ്രതീക്ഷിച്ച വിജയം ഉണ്ടാകാത്തത് പരിശോധിക്കും .തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് പ്രവർത്തകർക്കും അവരുടെ വീടുകൾക്കും നേരെ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. പരാതിപ്പെടുന്നവർക്ക് നേരെ പോലീസ് ക്രിമിനൽ കേസെടുക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ യോഗം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപ്പട്ടിക പുതുക്കലിന്റെ അവസാന തീയതി നീട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി ധനപാലൻ അധ്യക്ഷനായിരുന്നു. നേതാക്കളായ കെ.ബാബു, വി.ജെ പൗലോസ്, ജോണി നെല്ലൂർ, അബ്ദുൾ മുത്തലിബ്, ടി.യു കരുവിള,കെ.എം അബ്ദുൾ മജീദ്,  എം.ഒ ജോൺ ,ഷിബു തെക്കുംപുറം, ഫ്രാൻസിസ് ജോർജ്ജ്, കെ.രജികമാർ, വിൻസെന്റ് ജോസഫ്, വി ഇ അബ്ദുൾ ഗഫൂർ, പി രാജേഷ്, മുഹമ്മദ് ഷിയാസ്, സേവ്യർ തായങ്കേരി, കെ എം സലിം തുടങ്ങിയവർ പ്രസംഗിച്ചു
 

Latest News