തൊടുപുഴ-കോവിഡ് മാനദണ്ഡം ലംഘിച്ച് ഉടുമ്പന്നൂരിൽ ഡി വൈ എഫ് ഐയുടെ വിജയാഹ്ലാദ പ്രകടനം. ഇതിൽ പങ്കെടുത്ത എൽ.ഡി.എഫ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിന്റെ ഭാഗമായാണ് ഉടുമ്പന്നൂർ ടൗണിൽ നുറുകണക്കിനാൾക്കാരെ പങ്കെടുപ്പിച്ചു ഡി.ജെ പാർട്ടിക്ക് സമാനമായ ആഘോഷം സംഘടിപ്പിച്ചത്. ഇത് ഡി.വൈ.എഫ്.ഐയുടെ ഫേസ് ബുക്ക് പേജിൽ ലൈവായി നൽകി.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും നിയന്ത്രിക്കാൻ തയ്യാറായില്ല. പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് കരിമണ്ണൂർ പോലീസ് കേസെടുത്തത്. കോവിഡ് സാഹചര്യത്തിൽ വിജയാഘോഷങ്ങൾക്ക് കർശന നിയന്ത്രണം നിലനിൽക്കെയായിരുന്നു ആഹ്ലാദസംഗമം.






