Sorry, you need to enable JavaScript to visit this website.

കർഷക നിയമം ആനുകൂല്യങ്ങൾ ഇല്ലാതാക്കും -ചെന്നിത്തല 

  • യു.ഡി.എഫ് രാജ്ഭവൻ മാർച്ച് 

തിരുവനന്തപുരം- കർഷകർ  വർഷങ്ങളായി   അനുഭവിക്കുന്ന ആനുകൂല്യങ്ങൾ മുഴുവൻ ഇല്ലാതാക്കുന്നതാണ്  പുതിയ കർഷകനിയമങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ദൽഹിയിൽ നടക്കുന്ന കർഷക സമരത്തെ അടിച്ചമർത്താനാണ് നരേന്ദ്ര മോഡിയും കേന്ദ്ര സർക്കാരും ശ്രമിക്കുന്നത്. വേണ്ടത്ര കൂടിയാലോചനകളും  ചർച്ചകളും നടത്താതെ പാസാക്കിയ ഈ നിയമം രാജ്യത്തെ കർഷക സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  
കർഷക   വിരുദ്ധ നിയമത്തിനെതിരെ ദേശീയ തലത്തിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് രാജ്ഭവനിലേക്ക്  യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാർഷികോൽപ്പന്നങ്ങൾക്കുള്ള താങ്ങുവില  ഇല്ലാതാക്കുകയും, മാർക്കറ്റിംഗ് സൊസൈറ്റികളെ അവസാനിപ്പിക്കുകയും  ചെയ്യുന്ന ഈ നിയമങ്ങൾ  രാജ്യത്തെ കുത്തകകൾക്ക് വേണ്ടി നിർമിച്ചതാണ്. കോർപ്പറേറ്റുകൾക്ക് ഇന്ത്യയുടെ കാർഷിക മേഖല   തുറന്നിട്ട് കൊടുക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് ഈ നിയമങ്ങൾക്ക് പിന്നിൽ. സാധാരണക്കാരായ കർഷകരുടെ നട്ടെല്ലൊടിക്കുന്ന ഈ നിയമങ്ങൾ  കാർഷിക രംഗത്ത് വലിയ തോതിലുള്ള  പ്രതിസന്ധിയാണ് ഉളവാക്കാൻ പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കർഷകന്റെ കൃഷി ഭൂമി പിടിച്ചെടുത്ത് കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും കരാർകൃഷി  നടത്താൻ  നൽകാനുള്ള  നീക്കം ആപൽക്കരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


മാർച്ചിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, യുഡിഎഫ് കൺവീനർ എം.എം ഹസൻ, ഘടക കക്ഷി നേതാക്കളായ പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എംപി, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, ബീമാപ്പള്ളി റഷീദ്, സി.പി. ജോൺ, പി.കെ. ബഷീർ, പി.വി. ഇബ്രാഹിം, എം. വിൻസന്റ്, പി.ടി. തോമസ്, എൻ.എ നെല്ലിക്കുന്ന്, തോമസ് ഉണ്ണിയാടൻ, ബാബു ദിവാകരൻ, ശൂരനാട് രാജശേഖരൻ,  എം .എസ്  അനിൽ  തുടങ്ങിയവർ പങ്കെടുത്തു.
മാനവീയം വീഥിയിൽ  നിന്നാരംഭിച്ച മാർച്ചിൽ യു ഡി എഫ് നേതാക്കൾക്ക്  പുറമേ, എം.പിമാർ, എം.എൽ.എമാർ യു.ഡി.എഫിന്റെ വിവിധ കർഷക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

Latest News