കൊച്ചി - ജനകീയ സമരങ്ങൾക്കെതിരേ അതിക്രമം നടത്തുന്ന ഭരണകൂടങ്ങൾ ആശങ്കയുളവാക്കുന്നുവെന്നു വി.എസ്. അച്യുതാനന്ദൻ.
പുതുവൈപ്പ് എൽ.പി.ജി ടെർമിനലിനെതിരെ പ്രദേശവാസികൾ നടത്തുന്ന എൽ.പി.ജി വിരുദ്ധ സമരത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ സംഘടിപ്പിച്ച 'ചുവടുവൈപ്പിൻ' സമരസമ്മേളനത്തിനയച്ച സന്ദേശത്തിലാണ് വി.എസിന്റെ പരാമർശം. സ്വതന്ത്രമായും ഭീതിരഹിതമായും ജീവിക്കാൻ സാധിക്കാതെ വരുമ്പോഴാണ് ഒരു ജനത പ്രതിരോധവുമായി വരുന്നത്. നാം ഒരിക്കലും വികസത്തിന് എതിരല്ല. ജനങ്ങളുടെ ആശങ്കകൾക്കു പരിഹാരം കാണുകയും വേണ്ടത്ര പഠനം നടത്താതെയും ഒരു പദ്ധതിയുമായും മുന്നോട്ടു പോകരുതെന്നും വി.എസ് സന്ദേശത്തിൽ പറഞ്ഞു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകനായി വി.എസ്.അച്യുതാനന്ദൻ എത്തുമെന്ന് സമരസമിതി അറിയിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. വി.എസിന്റെ കത്ത് ചടങ്ങിൽ വായിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലിരുന്നു കടലാസ് നീക്കിയതു കൊണ്ടു മാത്രം പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ സമരങ്ങളെ ഭരണകൂടങ്ങൾ തീവ്രവാദമാക്കി ചിത്രീകരിക്കുന്നതിൽ അത്ഭുതം തോന്നുന്നു. ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്ത് അതിജീവനത്തിനായി ജനങ്ങൾക്കു പോരാടേണ്ടി വരുന്നതു എന്തുകൊണ്ടാണെന്നു ചിന്തിക്കണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമരങ്ങളുടെ തുടർച്ചയാണു പുതുവൈപ്പിലും ഉണ്ടാകുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിൽ വികസന പ്രവർത്തനങ്ങൾ എന്ന പേരിൽ കൊണ്ടു വരുന്ന പല പദ്ധതികളും ആശങ്കകൾ സൃഷ്ടിക്കുന്ന ചരിത്രമാണുള്ളത്. ലോകത്ത് പല സ്ഥലങ്ങളിലും എൻഡോസൾഫാൻ ഉപയോഗിച്ചു. എന്നാൽ, കേരളത്തിൽ വലിയ ദുരന്തമാണ് എൻഡോസൾഫാന്റെ ഉപയോഗം മൂലം ഉണ്ടായത്. 2017ലും ജനകീയ സമരങ്ങൾ അടിച്ചമർത്താമെന്നുള്ള വിശ്വാസം ഭരണാധികാരികൾ വെച്ചുപുലർത്തുന്നത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.