Sorry, you need to enable JavaScript to visit this website.

ഗെയിൽ പദ്ധതി തുടരും

മലപ്പുറത്ത് ഗെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടു ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ കലക്ടർ അമിത് മീണ സംസാരിക്കുന്നു. 
  •  ഭൂവുടമകളെയും ജനപ്രതിനിധികളെയും  വിഷയം ബോധ്യപ്പെടുത്തും- കലക്ടർ

മലപ്പുറം- ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ ജില്ലയിൽ മുടക്കമില്ലാതെ തുടരുമെന്നു കലക്ടർ അമിത് മീണ. പൈപ്പ് കടന്നുപോകുന്ന പ്രദേശത്തെ മുഴുവൻ ഭൂവുടമകളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തികൊണ്ടായിരിക്കും നടപ്പാക്കുകയെന്നും കലക്ടർ അറിയിച്ചു. 
പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ എം.എൽ.എമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ. പൈപ്പ്‌ലൈൻ കടന്നുപോകുന്ന പ്രദേശത്തെ ആളുകളെ നേരിട്ടു കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണെങ്കിൽ പദ്ധതിയോടു പൂർണമായി സഹകരിക്കുമെന്നു യോഗത്തിൽ പങ്കടുത്ത എം.എൽ.എമാർ ഉറപ്പു നൽകി. 
എം.എൽ.എമാരുടെ നിർദേശങ്ങൾ അംഗീകരിച്ച  കലക്ടർ പ്രദേശത്തെ എല്ലാവർക്കും നോട്ടീസ് നൽകുന്ന നടപടി ഇന്നു മുതൽ തുടങ്ങുമെന്നു അറിയിച്ചു. ഭൂവുടമകൾക്കു നൽകുന്ന നോട്ടീസിൽ നഷ്ടപ്പെടുന്ന എല്ലാ വസ്തുക്കളെയും കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തും. അലൈൻമെന്റ് രേഖപ്പെടുത്തി നൽകുകയും ചെയ്യും. പൊതുജനങ്ങളുടെ മുഴുവൻ ആശങ്കകളും തീർക്കുന്ന രീതിയിൽ റവന്യൂ ഉദ്യോഗസ്ഥർ, ഗെയിൽ പ്രതിനിധികൾ തുടങ്ങിയവരും സംഘത്തിലുണ്ടാവും. അനാവശ്യമായി ഭീതിപരത്തുന്ന രീതിയിൽ പോലീസിനെ ഇത്തരം പ്രവർത്തനങ്ങളിൽ ഉപയോഗിക്കില്ലെന്ന് കലക്ടർ അറിയിച്ചു. ഭൂവുടമകൾക്കു കാർഷിക നഷ്ടം കണക്കാക്കി നൽകുന്നതിനു മലപ്പുറം ജില്ലയ്ക്ക് മാത്രമായി പ്രത്യേക പക്കേജുണ്ടാക്കും. ഇതിന്റെ ഭാഗമായി കാർഷിക നഷ്ടം കണക്കാക്കുന്നതിനു പ്രത്യേക  സമിതിയുണ്ടാക്കും. ഇങ്ങനെ സമിതിയുണ്ടാക്കി പരമാവധി തുക ഭൂവുടമകൾക്ക്  നൽകാൻ സർക്കാർ നിർദേശമുണ്ട്.  ഇതിനായി കൃഷിവകുപ്പും ജനപ്രതിനിധികളും ചേർന്നു സമിതി ഉടൻ രൂപീകരിക്കുമെന്നും  കലക്ടർ അറിയിച്ചു. ജില്ലയിൽ പദ്ധതിക്ക് നിർദേശിച്ച സ്ഥലത്തുള്ള ഒരു വീടിനും നാശനഷ്ടമുണ്ടാകില്ല. ക്ഷേത്രങ്ങളും  പള്ളികളും ശ്മശാനങ്ങളും സംരക്ഷിക്കും. 10 സെന്റിനു താഴെ സ്ഥലമുള്ള പ്രദേശങ്ങളിൽ സ്ഥലത്തിന്റെ അരികു ചേർന്നു നിർമാണം നടത്തും. ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂവുടമയിൽ തുടരും. പ്രദേശത്തിന്റെ സമീപം നിർമാണ പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ടുള്ള യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നു കലക്ടർ പറഞ്ഞു. ജില്ലയിൽ 14 വില്ലേജുകളിലായി 58.54 കിലോമീറ്ററാണ് പൈപ്പ് ഇടുന്നത്. ഇതിൽ ഒരു കിലോമീറ്ററോളം സ്ഥലത്ത് ആദ്യഘട്ടം പണി തുടങ്ങിയിട്ടുണ്ട്. ബാക്കിയുളളവർക്കാണു നോട്ടീസ് നൽകുന്ന നടപടി തുടങ്ങുകയെന്നും കലക്ടർ അറിയിച്ചു. 
യോഗത്തിൽ എം.ഐ ഷാനവാസ് എം.പി. എം.എൽ.എമാരായ പി. ഉബൈദുള്ള, എം. ഉമ്മർ, പി.കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, അസിസ്റ്റന്റ് കലക്ടർ അരുൺ കെ. വിജയൻ, ഡപ്യൂട്ടി കലക്ടർമാരയ വി. രാമചന്ദ്രൻ, ഡോ.ജെ.ഒ അരുൺ,സി. അബ്ദുൾ റഷീദ്, ആർ.ഡി.ഒ കെ. അജീഷ്, ഗെയിൽ ഡി.ജി.എം എൻ.എസ് പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി ഉമ്മുകുൽസു, (ഇരുമ്പിളിയം) കമ്മദ്കുട്ടി (കുഴിമണ്ണ) ഷാജി സി.പി (കോഡൂർ), മുനവർ (അരിക്കോട്) സുമയ്യ സലിം (പൂക്കോട്ടൂർ) തുടങ്ങിയവർ പങ്കെടുത്തു. 

 

Latest News