Sorry, you need to enable JavaScript to visit this website.

അക്രമം സി.പി.എം വോട്ട് കച്ചവടത്തിന്  മറയിടാൻ -സതീശൻ പാച്ചേനി 

കണ്ണൂർ - ത്രിതല പഞ്ചായത്തിൽ എസ്.ഡി.പി.ഐയുമായും ബി.ജെ.പിയുമായും നടത്തിയ വോട്ടുകച്ചവടം പുറത്തായ സാഹചര്യത്തിൽ, വ്യാപകമായ നുണപ്രചാരണവും അക്രമവും നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ തയാറാവാത്ത പോലീസ് സ്‌റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും സതീശൻ  കൂട്ടിച്ചേർത്തു.
പരസ്യമായ വോട്ട് കച്ചവടത്തിലൂടെ രാഷ്ട്രീയ അന്തസ്സ് കളഞ്ഞു കുളിച്ചപ്പോൾ, അതുമായി ബന്ധപ്പെട്ട വാർത്തകളും യഥാർത്ഥ വസ്തുതകളും പുറത്തു വന്നപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ഗീബൽസിനെ പോലും നാണിപ്പിക്കുന്ന ആക്ഷേപങ്ങളുമായി രംഗത്ത് വരികയാണ്. 


ജില്ലയിലെ പല പഞ്ചായത്തിലും നഗരസഭകളിലും കോർപറേഷനുകളിലും വോട്ടുകച്ചവടം നടന്ന സ്ഥലങ്ങളിലെ എൽ.ഡി.എഫിന് ലഭ്യമായ വോട്ടുകളുടെ കണക്ക് പരിശോധിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് ധൈര്യമുണ്ടോ എന്ന് വ്യക്തമാക്കണം. പുരോഗമന മതേതരത്വ നിലപാട് റെക്കോഡ് ചെയ്ത് കേൾപ്പിക്കുന്നതു പോലെ എല്ലാ അവസരങ്ങളിലും പറയുന്ന സി.പി.എം നേതൃത്വത്തിന്റെ എസ്.ഡി. പി.ഐയും ബി.ജെ.പിയുമായുള്ള വോട്ട് കച്ചവടത്തിന് പറയുന്ന ന്യായീകരണ കാപ്‌സ്യൂൾ എന്താണെന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്.


ഫലപ്രഖ്യാപനത്തിന് ശേഷവും ജില്ലയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ വ്യാപകമായ അക്രമങ്ങൾ തുടരുകയാണ്.
ഡി.സി.സി ജനറൽ സെക്രട്ടറിയും പട്ടുവം ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാർത്ഥിയുമായ രാജീവൻ കപ്പച്ചേരിയുടെ വീട് അഗ്‌നിക്കിരയാക്കി. മാതമംഗലം ബ്ലോക്ക് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശ്രീധരൻ ആലംതട്ടയെ  ക്രൂരമായി ആക്രമിച്ചു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ സ്ഥാനാർത്ഥി ഉഷയുടെയും പരിയാരം പഞ്ചായത്തിലെ  ചെറിയൂരിൽ മത്സരിച്ച ശ്രീജയുടെയും വീടിന് നേരെ അക്രമം നടത്തി. ഉഷയുടെ മകൻ വൈഷ്ണവിന് ഗുരുതരമായി പരിക്കേറ്റു. പിണറായി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റനിലേഷ് സി.പി.എം അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. 


കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് നടുപ്പുറം ജോസും രണ്ടു മക്കളും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പാടിയോട്ട് ചാലിലെ നോബിളിന്റെ വീടിന് തീവെച്ച് ഓട്ടോ റിക്ഷ കത്തി നശിച്ചു. കടമ്പൂർ മെരുവമ്പായി, മുഴപ്പിലങ്ങാട്, മാനന്തേരിയിലെ വണ്ണാത്തി മൂല, ചെങ്ങളായിലെ തട്ടേരി വാർഡ് എന്നിവിടങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ അക്രമം ഉണ്ടായി. തൃപ്പങ്ങോട്ടൂരിലെ അഞ്ചാം വാർഡിൽ ബി.ജെ.പിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.
ക്രമസമാധാന പാലനത്തിൽ പോലീസ് ദയനീയ പരാജയമാണ്. നേതാക്കളെയും സ്ഥാനാർത്ഥികളെയും ആക്രമിച്ച കേസിലും വീട് ആക്രമിച്ച കേസിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല. ക്രിമിനലുകളെ തള്ളിപ്പറയാൻ സി.പി.എമ്മും തയാറായിട്ടില്ല.


കടമ്പൂർ പഞ്ചായത്തിൽ യുഡിഎഫ് ഉജ്വല വിജയം നേടിയതിൽ അരിശം പൂണ്ട സിപിഎം പ്രവർത്തകർ യു.ഡി.എഫ് ജാഥയെ ആക്രമിക്കുകയും മറ്റു പ്രദേശങ്ങളിൽ നിന്ന് സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ നാട്ടിലാകെ ഭീകരമായ അക്രമം നടത്തുകയും ചെയ്തിട്ടും പോലീസ് പ്രതികളെ സംരക്ഷിക്കുകയാണ്. കൂടാതെ യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾ കയറി റെയ്ഡ് നടത്തുകയും അതിക്രമം നടത്തുന്നതിനും പോലീസ് തയാറാവുന്നു. കടമ്പൂരിൽ പോലീസ് ഭീകരത നിലനിൽക്കുകയാണ്.
ക്രിമിനലുകളെ സി.പി.എം നിർദേശപ്രകാരം സംരക്ഷിക്കുന്ന  പോലീസ് നടപടിക്കെതിരെ പോലീസ് സ്‌റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും സതീശൻ പാച്ചേനി പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മാർട്ടിൻ ജോർജും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

 

Latest News