Sorry, you need to enable JavaScript to visit this website.

മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി കുതിക്കുന്നു

അഹമ്മദാബാദ് - ഇന്ത്യയുടെ സ്വപ്‌ന പദ്ധതികളിൽ ഒന്നാണ് മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. ഇത് പൂർത്തിയാകുന്നതോടെ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ദൂരം വെറും രണ്ട് മണിക്കൂർ യാത്രയുടേതാകും.  പദ്ധതിയുടെ ആദ്യത്തെ ഔദ്യോഗിക ചിത്രങ്ങൾ ജപ്പാൻ എംബസി പുറത്ത് വിട്ടു.  
ജപ്പാന്റെ ബുള്ളറ്റ് ട്രെയിനിന്റെ  ഔദ്യോഗിക ചിത്രമാണ് ജപ്പാൻ എംബസി പുറത്ത് വിട്ടത്. ഇതായിരിക്കും മുംബൈ -അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പ്രൊജക്ടിന്റെ മാതൃക. ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കണം. 2023 ൽ പദ്ധതി പൂർത്തീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 508 കിലോമീറ്റർ നീളത്തിലുള്ള പദ്ധതിയ്ക്കാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. മണിക്കൂറിൽ 320 കിലോമീറ്റർ ആയിരിക്കും ബുള്ളറ്റ് ട്രെയിനിന്റെ ശരാശരി വേഗം.  മണിക്കൂറിൽ 350 കിലോമീറ്റർ വരെ കൂട്ടാനാകും. എന്തായാലും പദ്ധതി പൂർത്തിയായാൽ രണ്ട് മണിക്കൂറുകൊണ്ട് മുംബൈയിൽ നിന്ന് അഹമ്മദാബാദിൽ എത്താൻ പറ്റും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 


മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പ്രൊജക്ട് പ്രാവർത്തികമാക്കാൻ ഒരു എസ്പിവി (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ) തന്നെ രൂപീകരിച്ചിട്ടുണ്ട് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. ജപ്പാൻ സർക്കാരിന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 
ഒരുലക്ഷത്തി എണ്ണായിരം കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ബുള്ളറ്റ് ട്രെയിനിന് വേണ്ടി പ്രത്യേക പാത തന്നെയാണ് ഒരുക്കുന്നത്. ഇതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിൽ ഇതുവരെ പദ്ധതിയ്ക്കാവശ്യമായ ഭൂമിയുടെ 82 ശതമാനവും ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ മഹാരാഷ്ട്രയിൽ വെറും 23 ശതമാനമാണ് ഏറ്റെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. മൂന്നിടങ്ങളിൽ ഗുജറാത്തിൽ 1,380 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. മഹാരാഷ്ട്രയിൽ 431.2 ഹെക്ടറും. 

 

Latest News