കൊറോണ വില്ലനായി; ടൂറിസം മേഖലയ്ക്ക് തിരിച്ചടി 

ഇന്ത്യയിലെ ടൂറിസം മേഖല ഈ വർഷം ശക്തമായി വളരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മനുഷ്യജീവിതത്തെ മാറ്റി മറിച്ച  കൊറോണ മഹാമാരിയും അനന്തരഫലങ്ങളും മുൻവർഷത്തെ അപേക്ഷിച്ച് 2020 സാമ്പത്തിക വർഷത്തെ വരുമാനം കുത്തനെ ഇടിയാൻ കാരണമായി. കൊറോണ വൈറസിന്റെ സ്വാധീനം കൊറോണ വൈറസ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ഡൗണും യാത്രാ നിയന്ത്രണങ്ങളും വിനോദ സഞ്ചാരികളുടെ ആവേശം  മങ്ങാൻ കാരണമായി. ടൂറിസം മേഖലയെ ഇത് തകിടം മറിച്ചു. 
ആഭ്യന്തര, വിദേശ യാത്രക്കാർക്ക് പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയാണ് ഇന്ത്യയിൽ ടൂറിസം വിപുലീകരിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. സേവന മേഖലയിലെ ഏറ്റവും വലിയ വ്യവസായമാണ് ടൂറിസം.  


രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 6.23% വരും ടൂറിസം മേഖല.  ഇത് ജനസംഖ്യയുടെ 8.78% പേർക്ക് തൊഴിൽ നൽകുന്നു. ഇന്ത്യയിലെ ടൂറിസം വ്യവസായത്തിന് 2018 സാമ്പത്തിക വർഷത്തിൽ ഏകദേശം 275.5 ബില്യൺ ഡോളർ വരുമാനം നേടാൻ കഴിഞ്ഞു. വാർഷിക വളർച്ചാ നിരക്ക് 9.4% ആണ്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (ഡബ്ല്യുടിസിസി) റിപ്പോർട്ട് പ്രകാരം 2019 സാമ്പത്തിക വർഷത്തിൽ ജിഡിപിക്കായി ടൂറിസം മേഖല നൽകിയ മൊത്തം സംഭാവനയുടെ അടിസ്ഥാനത്തിൽ 185 രാജ്യങ്ങളിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 2020 മാർച്ച് അവസാനം രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചു. ഗൈഡുകൾ, ടൂർ ഓപ്പറേറ്റർമാർ, വാഹന ഡ്രൈവർമാർ, ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ഷോപ്പുകൾ തുടങ്ങി ടൂറിസവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട എല്ലാ മേഖലകളും നഷ്ടത്തിലായി.  


ഉപ ജീവനത്തിനായി ടൂറിസം മേഖലയെ ആശ്രയിച്ചിരുന്ന നിരവധി പേർ കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വരുമാനം നിലനിർത്താൻ കാർഷിക മേഖലയിലേക്കും മറ്റ് ചെറിയ ജോലികളിലേക്കും തിരിഞ്ഞു.  ഹോട്ടലുകളുടെ അടച്ചുപൂട്ടൽ, റെയിൽവേ, റോഡ്, വിമാന സർവ്വീസുകൾ തുടങ്ങിയവ താൽക്കാലികമായി നിർത്തിവെച്ചതും കാരണം ഈ വർഷം ഇന്ത്യയിലെ ടൂറിസം വ്യവസായത്തിന് 1.25 ട്രില്യൺ രൂപ വരുമാനം നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. 
അതേസമയം, ക്രിസ്മസ് പുതുവർഷ അവധിക്കാലത്തെത്തുടർന്ന് കേരളത്തിലെ വിനോദസഞ്ചാരമേഖല ഉണർന്നു. ഇക്കോ ടൂറിസം കേന്ദ്രങ്ങളും ബീച്ചുകളുമുൾപ്പെടെ എല്ലാ ജില്ലകളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വരവ് ഗണ്യമായി വർധിച്ചു. കോവിഡിനെത്തുടർന്നുള്ള ലോക്ഡൗണിനുശേഷം കഴിഞ്ഞ മാസമാദ്യമാണ് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയിരുന്നത്.

തുടക്കത്തിൽ എണ്ണം കുറവായിരുന്നെങ്കിലും അടുത്ത ദിവസങ്ങളിലായി ഓരോയിടത്തും എത്തുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. അയൽ സംസ്ഥാനങ്ങളിലുള്ള സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും എണ്ണത്തിൽ കൂടുതലും ആഭ്യന്തര സഞ്ചാരികൾ തന്നെയാണ്. ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ പ്രമാണിച്ചാണ് ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവ് കാര്യമായുള്ളത്. സംസ്ഥാനത്ത് ഇടുക്കി, വയനാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് സഞ്ചാരികൾ കൂടുതലായും എത്തുന്നത്. ഇതിനു പുറമെ വർക്കല, കോവളം, കുമരകം എന്നിവിടങ്ങളിലേക്കെല്ലാമുള്ള സഞ്ചാരികളുടെ എണ്ണവും വർധിച്ചു.  ഇടുക്കിയിൽ മൂന്നാർ, വട്ടവട, കാന്തല്ലൂർ, വാഗമൺ, തേക്കടി എന്നിവിടങ്ങളിലേക്കെല്ലാമാണ് ചെറുസംഘങ്ങളായി സഞ്ചാരികളുടെ വരവ്. മൂന്നാറിൽ നിലവിൽ താപനില പുലർച്ചെ അഞ്ച് ഡിഗ്രി സെൽഷ്യസാണ.് ഈ മാസം അവസാനമാകുമ്പോഴേക്കും ഇവിടെ താപനില മൈനസിലെത്തും. അപ്പോഴേക്കും സഞ്ചാരികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. സഞ്ചാരികൾക്കായി മൂന്നാറിലെ മുഴുവൻ ഹോട്ടലുകളും തുറന്നു. ഗവിയിലും കോന്നിയിലെ അടവി ഇക്കോസെന്ററിലേക്കും സഞ്ചാരികൾ എത്തിത്തുടങ്ങി. പതുക്കെയാണെങ്കിലും കേരളത്തിലെ വിനോദ സഞ്ചാര മേഖല പൂർവ സ്ഥിതി പ്രാപിക്കുന്നുവെന്നാണ് സൂചന. 

 

Latest News