മധ്യപ്രദേശില്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ബിജെപി നേതാവ്; തെരഞ്ഞെടുപ്പില്‍ അമളി

ഭോപാല്‍- ഭരണം നഷ്ടമാകുകയും നിരവധി നേതാക്കളേയും പ്രവര്‍ത്തകരേയും നഷ്ടപ്പെടുകയും ചെയ്ത കോണ്‍ഗ്രസിനെ വീണ്ടും നാണംകെടുത്തി സംഘടനാ തെരഞ്ഞെടുപ്പിലെ അമളി. മാസങ്ങള്‍ക്കു മുമ്പ് പാര്‍ട്ടി വിട്ട് ഇപ്പോള്‍ ബിജെപി നേതാവായ ആളെ ദിവസങ്ങള്‍ക്കു മുമ്പാണ് യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഭീമാബദ്ധം വെളിച്ചത്തായതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കി മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. താഴെതട്ടില്‍ നടക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒന്നുമറിയില്ലെന്ന വിമര്‍ശകരുടെ ആരോപണത്തിന് തെളിവായി ഇതു ചൂണ്ടിക്കാട്ടപ്പെട്ടു. 

വെള്ളിയാഴ്ച പല കോണുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ വന്നപ്പോഴാണ് ബിജെപി നേതാവ് ഹര്‍ഷിത് സിന്‍ഘായ് സംഭവം ശ്രദ്ധിക്കുന്നത്. ജബല്‍പൂരിലെ കോണ്‍ഗ്രസ് യുവജന വിഭാഗം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള അഭിനന്ദനങ്ങളായിരുന്നു ഇത്. ഇതറിഞ്ഞ ഹര്‍ഷിദ് അന്തംവിട്ടു. മാര്‍ച്ചില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും നിരവധി എംഎല്‍എമാരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അവര്‍ക്കൊപ്പം പാര്‍ട്ടി വിട്ടവരില്‍ ഒരാളാണ് ഹര്‍ഷിതും. എന്നാല്‍ ഒമ്പതു മാസം പിന്നിട്ടിട്ടും പാര്‍ട്ടി രേഖകളില്‍ നിന്ന് അദ്ദേഹത്തെ കോണ്‍ഗ്രസ് മാറ്റിയിട്ടില്ല. 

യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പില്‍ ഹര്‍ഷിത് 12 വോട്ടുകള്‍ക്കാണ് 'ജയിച്ചത്.' കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പു നടത്താന്‍ ആര്‍ക്കും താല്‍പര്യമില്ലെന്നതാണ് രസകരമെന്നും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി മൂന്ന് വര്‍ഷം മുമ്പ് താന്‍ നോമിനേഷന്‍ നല്‍കിയിരുന്നുവെന്നും ഹര്‍ഷിത് പറഞ്ഞു. പലകാരണങ്ങളാല്‍ ഈ തെരഞ്ഞെടുപ്പ് നീണ്ടു പോകുകയായിരുന്നു. സിന്ധ്യയ്‌ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്ന ശേഷം തന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് വിശദീകരണം നല്‍കി മെയില്‍ അയക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരം കമല്‍നാഥിനും രാഹുല്‍ ഗാന്ധിക്കും മെയില്‍ അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നും ചെയ്തില്ല. ഇതാണ് യൂത്ത് കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്. പാര്‍ട്ടിയില്‍  ഇല്ലാത്തവര്‍ പോലും തെരഞ്ഞെടുക്കുപ്പെടുന്നു- അദ്ദേഹം പറഞ്ഞു.
 

Latest News