റിയാദ് - സൗദിയിൽ കൊറോണ പ്രതിരോധ കുത്തിവെപ്പ് എടുത്ത ആർക്കിടയിലും ഇതുവരെ അപ്രതീക്ഷിതമായ ഒരുവിധ പാർശ്വഫലങ്ങളും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. കൊറോണ വാക്‌സിൻ കുത്തിവെപ്പ് എടുത്തവരെല്ലാം മികച്ച ആരോഗ്യ നിലയിലാണ്. കൊറോണ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിന് എല്ലാവരും 'സിഹതീ' ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു. 
കൊറോണ വൈറസിന്റെ പുതിയ വകഭേദം കാരണമായി രാജ്യത്ത് വീണ്ടും കർഫ്യൂ ബാധകമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അസീരി പറഞ്ഞു. അടുത്തയാഴ്ച ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും കൊറോണ വാക്‌സിനേഷൻ സെന്ററുകൾ തുറക്കും. സൗദിയിൽ നിലവിലുള്ള കൊറോണ വാക്‌സിൻ, കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനും ഫലപ്രദമാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദം നേരത്തെ കണ്ടെത്തിയ വകഭേദങ്ങളിൽ നിന്ന് സമൂലം വ്യത്യസ്തമാണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 







 
  
 