കോടതിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍; ദൈവത്തിനു നന്ദി പറഞ്ഞ് അഭയയുടെ സഹോദരന്‍

തിരുവനന്തപുരം- 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സിസ്റ്റര്‍ അഭയക്ക് നീതി ലഭിച്ചപ്പോള്‍ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. കൊലക്കുറ്റവും തെളിവു നശിപ്പിച്ച കുറ്റവും നിലനില്‍ക്കുന്നുവെന്ന് സി.ബി.ഐ പ്രത്യേക കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷയാണ് പ്രതീക്ഷിക്കുന്നത്.
ദൈവത്തിനും കോടതിക്കും നന്ദിയെന്നാണ് അഭയയുടെ കുടുംബം പ്രതികരിച്ചത്. ഒടുവില്‍ നീതി കിട്ടിയെന്നും ദൈവത്തിന്‍റെ ഇടപെടല്‍ ഉണ്ടായെന്നും അഭയയുടെ സഹോദരന്‍ ബിജു തോമസ് പറഞ്ഞു.  കേസില്‍ കോടതി  നിര്‍ണായക കണ്ടെത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയയുടെ മാതാപിതാക്കളായ ഐക്കരക്കുന്നേല്‍ തോമസും ലീലാമ്മയും ജീവിച്ചിരിപ്പില്ല.
പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ സിസ്റ്റര്‍  അഭയയുടെ ദുരൂഹമരണ കേസ്  കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍  1992 മാര്‍ച്ച് 27നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോട്ടയം ബിസിഎം കോളേജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരിക്കെ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകം ആത്മഹത്യയാക്കി തീര്‍ക്കാന്‍ ലോക്കല്‍ പോലീസും  െ്രെകംബ്രാഞ്ചും നടത്തിയ ആസൂത്രിത നീക്കമാണ് തുടക്കം മുതലുണ്ടായത്. ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ എഎസ്‌ഐ അഗസ്റ്റിന്‍ അഭയയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആര്‍ഡിഒ കോടതിയില്‍ നല്‍കിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ െ്രെകംബ്രാഞ്ച് നശിപ്പിച്ചു.

സ്വാധീനങ്ങള്‍ക്കുമുന്നില്‍ പോലീസ് കീഴടങ്ങിയപ്പോള്‍ അഭയയുടെ അച്ഛനും അമ്മക്കും പിന്തുണയുമായി ജനങ്ങള്‍ സംഘടിച്ചു.  ജനകീയ സമരം ശക്തമായപ്പോഴാണ് കേസ് സബിഐക്ക് വിട്ടത്.
രണ്ടാം വര്‍ഷ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിസ്റ്റര്‍ അഭയ മരിച്ചത്. ക്രൈം ബ്രാഞ്ചിനു പിന്നാലെ സിബിഐ വന്നിട്ടും ആദ്യഘട്ടത്തില്‍ അട്ടിമറി ശ്രമം നടന്നിരുന്നു. കേസ് അട്ടിമറിക്കാന്‍ സി.ബി.ഐ എസ്.പിയായിരുന്ന ത്യാഗരാജന്‍ സമ്മര്‍ദം ചെലുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസ് വെളിപ്പെടുത്തിയിരുന്നു.  

ത്യാഗരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് അഭയ ആക് ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് കോടതി ഇടപെല്‍ ആരംഭിച്ചത്. തുടര്‍ന്ന് ത്യാഗരാജനെ കൊച്ചിയില്‍നിന്ന്  ചെന്നൈയിലേക്ക് സ്ഥലംമാറ്റി.


28 വര്‍ഷത്തിനിടെ  16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ഇതിനിടെ അന്വേഷണ സംഘങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐ ഡയറക്ടര്‍ക്കും ലഭിച്ചു.  ഒടുവില്‍ ഫാ.തോമസ് കോട്ടൂരും ഫാ.ജോസ് പുതൃക്കയിലും, സിസ്റ്റര്‍ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ നാര്‍ക്കോപരിശോധന ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാനതെളിവ്. മൂന്നു പ്രതികളെ കൂടാതെ എഎസ്‌ഐ അഗസ്ത്യനെയും പ്രതിയാക്കി. കുറ്റപത്രം നല്‍കുന്നതിന് മുമ്പേ എഎസ്‌ഐ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു.
2019 ഓഗസ്റ്റ് 26ന് സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ ഈ മാസം 10നാണ് പൂര്‍ത്തിയായത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചിരുന്നു. എട്ടു  പേര്‍ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചിരുന്നില്ല.

 

Latest News