സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ നാളെ

തിരുവനന്തപുരം- സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി  എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊലക്കുറ്റം നിലനില്‍ക്കുന്നതാണെന്നും ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി സനല്‍ കുമാറാണ്  പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.  കേസില്‍ യഥാക്രമം ഒന്നും മൂന്നും പ്രതികളാണ് ഇവര്‍. വിധി പ്രസ്താവം കേള്‍ക്കുന്നതിനായി പ്രതികള്‍ കോടതിയിലെത്തിയിരുന്നു.
ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസില്‍ 28 വര്‍ഷങ്ങള്‍ക്കു ശേഷമാണു വിധി.
സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി സി.ബി.ഐയാണ് അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയത്.  
സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എഎസ്‌ഐ വി.വി.അഗസ്റ്റിനെയും കുറ്റപത്രത്തില്‍നിന്നു സി.ബി.ഐ ഒഴിവാക്കി.

 

Latest News