Sorry, you need to enable JavaScript to visit this website.

അമേരിക്കയിലെ സൈബര്‍ ആക്രമണം പ്രധാന ട്രഷറി സംവിധാനങ്ങളെ ബാധിച്ചു

വാഷിംഗ്ടണ്‍- അമേരിക്കയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം പ്രധാന ട്രഷറി സംവിധാനങ്ങളെ ഗുരുതരമായി ബാധിച്ചുവെന്ന് മുതിര്‍ന്ന സെനറ്റര്‍ റോണ്‍ വൈഡന്‍. യു.എസ് ട്രഷറി ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച സംവിധാനങ്ങളില്‍ കടന്നുകയറിയ ഹാക്കര്‍മാര്‍  അത്യാവശ്യ പാസ് വേഡുകള്‍ മോഷ്ടിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
യു.എസ് ട്രഷറി വിഭാഗത്തില്‍ നടന്ന ഹാക്കര്‍മാരുടെ ആക്രമണം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന്  സെനറ്റിന്റെ ഇന്റലിജന്‍സ്, ഫിനാന്‍സ് കമ്മിറ്റികളില്‍ അംഗമായ അദ്ദേഹം  പറഞ്ഞു.

ഡസന്‍ കണക്കിന് ഇമെയില്‍ അക്കൗണ്ടുകള്‍ അപഹരിക്കപ്പെട്ടുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ വെളിപ്പെടുത്തി. ഇതിനു പുറമെ, ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഓഫീസുകളിലെ സിസ്റ്റങ്ങളില്‍ ഹാക്കര്‍മാര്‍  അതിക്രമിച്ചു കയറി.
ഹാക്കര്‍മാര്‍ എന്തൊക്കെ മോഷ്ടിച്ചുവെന്ന് ഇപ്പോഴും ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന് വ്യക്തതയില്ലെന്നും സെനറ്റര്‍ റോണ്‍ വൈഡന്‍ പറഞ്ഞു.
യു.എസ് കമ്പനിയായ സോളാര്‍ വിന്‍ഡ്‌സ് നിര്‍മ്മിച്ചതും വ്യാപകമായി ഉപയോഗിക്കുന്നതുമായ സുരക്ഷാ സോഫ്റ്റ് വെയര്‍ വഴിയാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതെന്നും ഒന്നിലധികം വകുപ്പുകളിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ സൈബര്‍ ആക്രമണത്തിന് ഇരയായെന്നും യു.എസ് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു.

ആക്രമണത്തിനു പിന്നില്‍ റഷ്യക്കാരാണെന്നാണ്
യുഎസ് രഹസ്യാന്വേഷണ വിഭാഗവും സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും അറ്റോര്‍ണി ജനറല്‍ ബില്‍ ബാറും
കോണ്‍ഗ്രസ് അംഗങ്ങള്‍ മുമ്പാകെ പറഞ്ഞിരുന്നത്.

 

Latest News