സംസ്ഥാന പദവി നഷ്ടമായ ശേഷം നടന്ന ആദ്യ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ശ്രീനഗര്‍- സംസ്ഥാന പദവി റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിലെ പുനര്‍ക്രമീകരിച്ച പ്രാദേശിക ഭരണകൂടങ്ങളായ ജില്ലാ വികസന സമിതി (ഡിഡിസി)കളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. എട്ടു ഘട്ടങ്ങളിലായി നടന്ന പോളിങിന്റെ വോട്ടെണ്ണല്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. ജില്ലാ ആസ്ഥാനങ്ങളിലാണ് വോട്ടെണ്ണല്‍. നവംബര്‍ 28നായിരുന്നു ആദ്യ ഘട്ട വോട്ടിങ്. ഡിസംബര്‍ 19ന് അവസാന ഘട്ട വോട്ടെടുപ്പും നടന്നു. 

സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. 280 ഡിഡിസി മണ്ഡലങ്ങളിലായി 2,178 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരു സഖ്യമായി ഒരു വശത്തും മറുപക്ഷത്ത് ബിജെപിയുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നിവരടക്കം ആറുപാര്‍ട്ടികളുടെ സഖ്യമായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ ആണ് ബിജെപിക്കെതിരെ മത്സരിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് രൂപീകരിക്കപ്പെട്ട സഖ്യമാണിത്. 

ബിജെപി സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രമായി തെരഞ്ഞെടുപ്പു പ്രചാരണം നടത്താന്‍ അനുവദിച്ചപ്പോള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വ്യാപകമായി തടഞ്ഞതായും സഖ്യം ആരോപിച്ചിരുന്നു.
 

Latest News