ഹൈദരാബാദ്- മുഹമ്മദ് മുജീബുദ്ദീന്‍ എന്ന ഹൈദരാബാദ് സ്വദേശിയായ 43കാരനു നേര്‍ക്ക് യുഎസിലെ ചിക്കാഗോയില്‍ വെടിവപ്പ് ആക്രമണം ഉണ്ടായതായി ബന്ധുക്കളുടെ പരാതി. തിങ്കളാഴ്ച രാവിലെയാണ് വെടിയേറ്റതെന്നും ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവുവിന് നല്‍കിയ പരാതിയില്‍ പറയുന്നു. മുജീബുദ്ദീന്റെ ഭാര്യയും കുടുംബവും ഹൈദരാബാദിലാണ്. യുഎസില്‍ മുജീബുദ്ദീന് ബന്ധുക്കളില്ലെന്നും ഒറ്റയ്ക്കാണെന്നും ഇന്ത്യന്‍ എംബസി ഇടപെട്ട് സഹായം നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു. 'ഭര്‍ത്താവിനെ പരിചരിക്കാനും സഹായം നല്‍കാനും അവിടെ ആരുമില്ല. കുടുംബാംഗങ്ങള്‍ക്ക് യുഎസിലേക്ക് പോകാന്‍ വിസ അനുവദിക്കാന്‍ ഹൈദരാബാദിലെ യുഎസ് കോണ്‍സുലേറ്റിനോട് അപേക്ഷിക്കണം,' മുജീബുദ്ദീന്റെ ഭാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
മുജീബുദ്ദീന്റെ കൂടെ താമസിക്കുന്നയാളാണ് വിവരം ഹൈദരാബാദിലെ കുടുംബത്തെ അറിയിച്ചത്. മുജീബുദ്ദീന്‍ കാറോടിച്ചു പോകുന്നതിനിടെ രണ്ടു പേര്‍ ചേര്‍ന്ന് തടയുകയും തോക്കു ചൂണ്ടി പണം തട്ടിയ ശേഷം വെടിവച്ച് കാറില്‍ കടന്നുകളയുകയുമായിരുന്നു എന്നാണ് ലഭിച്ച വിവരം.