ബംഗളൂരുവില്‍ 17 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍; എന്‍.ഐ.എ അറസ്റ്റിലായത് 187 പേര്‍

ബംഗളൂരു- പ്രവാചകനെ നിന്ദിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ഓഗസ്റ്റ് 11 ന് ബംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐയുടെ 17 പ്രവര്‍ത്തകരെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ സംഘടനയുടെ ബംഗളൂരു ജില്ലാ പ്രസിഡന്റും ഉള്‍പ്പെടും. കെ.ജി ഹള്ളി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍  നടന്ന അക്രമങ്ങളും കലാപവമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് എന്‍.ഐ.എ അറിയിച്ചു.  അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 187 പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും  അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
എസ്.ഡി.പി.ഐ ബംഗളൂരു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശരീഫ്, കെ.ജി ഹള്ളി വാര്‍ഡ് പ്രസിഡന്റ് ഇമ്രാന്‍ അഹമ്മദ് എന്നിവര്‍ മുതിര്‍ന്ന നേതാക്കളായ റുബാഹ് വഖാസ്, ശബ്ബാര്‍ ഖാന്‍, ശൈഖ് അജ്മല്‍ എന്നിവരുമായി ചേര്‍ന്ന്  ഓഗസ്റ്റ് 11 ന് വൈകുന്നേരം ബംഗളൂരുവിലെ തനിസാന്ദ്ര, കെ.ജി ഹള്ളി വാര്‍ഡുകളില്‍ യോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയെന്ന് അന്വേഷണ ഏജന്‍സി പറയുന്നു. തുടര്‍ന്നാണ് കെ.ജി ഹള്ളി പോലീസ് സ്‌റ്റേഷനുനേരെ സംഘടിത ആക്രമണം നടന്നത്. പോലീസിന്റേതുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തകര്‍ത്തുവെന്നും എന്‍.ഐ.എ വ്യക്തമാക്കി.
 
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ ചാനലുകള്‍ ഉപയോഗിച്ച്  വിദൂര സ്ഥലങ്ങളില്‍ നിന്ന് ആളുകളെ കെ.ജി ഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് എത്തിച്ചുവെന്നും അന്വേഷണത്തില്‍ വ്യക്തമായതായി എന്‍.ഐ.എ വ്യക്തമാക്കി. നാഗ്വാര വാര്‍ഡിലെ എസ്.ഡി.പി.ഐ പ്രസിഡന്റ് അബ്ബാസ്,  കൂട്ടാളികളായ അസില്‍ പാഷ, ഇര്‍ഫാന്‍ ഖാന്‍, അക്ബര്‍ ഖാന്‍ എന്നിവരുമായി ചേര്‍ന്ന്  ജനക്കൂട്ടത്തെ സംഘടിപ്പിച്ചു.
സദ്ദാം, സയ്യിദ് സുഹൈല്‍, കലീമുല്ല (ഷാരൂഖ് ഖാന്‍) എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്നും  ഇവര്‍ കലാപത്തില്‍ പങ്കെടുത്തുവെന്നും പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍  മറ്റുള്ളവരെ പ്രേരിപ്പിച്ചുവെന്നും എന്‍.ഐ.എ പറയുന്നു.

 

Latest News