കണ്ണൂർ - അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ് ടു ക്ലാസ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കെ.എം.ഷാജി എം.എൽ.എയെ വിജിലൻസ് സംഘം ഈയാഴ്ച ചോദ്യം ചെയ്യും. അടുത്ത ദിവസം ഷാജിക്ക് നോട്ടീസ് നൽകുമെന്ന് വിജിലൻസ് വൃത്തങ്ങൾ സൂചന നൽകി.
2014ൽ സ്‌കൂളിൽ പ്ലസ്ടു കോഴ്‌സ് അനുവദിക്കുന്നതിന് ഷാജി, സ്‌കൂൾ മാനേജ്‌മെന്റിൽ നിന്നും 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. ഇതിൽ മാസങ്ങളായി അന്വേഷണം നടന്നുവരികയാണ്. സ്‌കൂൾ അധികൃതരിൽ നിന്നും പരാതിക്കാരനിൽനിന്നുമടക്കം മൊഴിയെടുക്കുകയും, സ്‌കൂൾ രേഖകളും പാർട്ടി ഓഫീസിലെ മിനുട്‌സുമടക്കം പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നത്. ചോദ്യം ചെയ്തതിന് ശേഷം തുടർ നടപടികളുണ്ടാവുമെന്നാണ് വിവരം.
ഷാജി, സ്‌കൂൾ അധികൃതരിൽ നിന്നും കോഴ വാങ്ങിയതു സംബന്ധിച്ച് പ്രാദേശിക മുസ്ലിം ലീഗ് നേതാവായിരുന്ന നൗഷാദ് പുതപ്പാറ, ലീഗ് സംസ്ഥാന കമ്മിറ്റിക്ക് നൽകിയ കത്താണ് പരാതിക്കാധാരം. ഇത്തരമൊരു അടിസ്ഥാനരഹിത പരാതി നൽകിയതിന് നൗഷാദിനെതിരെ പാർട്ടി നടപടിയെടുക്കുകയും ചെയ്തു. എന്നാൽ ഈ പരാതിയുടെ പിൻബലത്തിലാണ് സി.പി.എം നേതാവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കുടുവൻ പത്മനാഭൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇത് തുടർ നടപടിക്കായി വിജിലൻസിന് കൈമാറുകയായിരുന്നു. വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും കേസെടുക്കുകയുമായിരുന്നു. സംഭാവനയായി 2014ൽ 30 ലക്ഷവും 2015ൽ 35 ലക്ഷവും നൽകിയതായി സ്‌കൂൾ രേഖയിൽ കാണുന്നുണ്ട്. ഈ കാലയളവിൽ 35 ലക്ഷം രൂപ ചെലവിനത്തിലും കാണിച്ചിട്ടുണ്ട്. ഇതിന് കൃത്യമായ വിശദീകരണം നൽകാൻ സ്‌കൂൾ അധികൃതർക്ക് സാധിച്ചിട്ടില്ല. ഈ തുകയിൽ 25 ലക്ഷം രൂപ ഷാജിക്ക് നൽകിയെന്നാണ് വിജിലൻസ് നിഗമനം. വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കോഴ പ്രശ്‌നവും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇ.ഡി ഷാജിക്കെതിരെ അന്വേഷണം നടത്തി വരികയാണ്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടം മുതൽ ഷാജി പ്രചാരണത്തിൽനിന്നും വിട്ടു നിൽക്കുകയായിരുന്നു. മകളുടെ പഠന ആവശ്യവുമായി ബന്ധപ്പെട്ട് അദ്ദേഹം ബംഗളൂരുവിലാണെന്നാണ് പാർട്ടി ഔദ്യോഗിക നേതൃത്വം നൽകിയ വിശദീകരണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷവും ഷാജി, പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനിടെ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് ഇ.ഡി, ഷാജിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഹാജരാകുന്നതിന് സമയം നീട്ടി ചോദിച്ചിരിക്കയാണ്.