ഏപ്രിൽ മുതൽ ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ബുൾ ഇടപാടുകാർ വർഷാന്ത്യത്തിലെ പ്രോഫിറ്റ് ബുക്കിംഗിനുള്ള ഒരുക്കത്തിലാണ്. ഇൻഡക്‌സുകൾ പിന്നിട്ടവാരത്തിലും റെക്കോർഡ് പ്രകടനം കാഴ്ചവെച്ചതിനിടയിൽ വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും ഓവർ ബോട്ടായി മാറി. ചെറുകിട നിക്ഷേപകർ ഈ അവസരത്തിൽ ചെറിയ ലാഭമെടുപ്പിന് നീക്കം നടത്തുന്നതാവും അഭികാമ്യം.
രാജ്യാന്തര ഫണ്ടുകൾ നിക്ഷേപം ചുരുക്കാൻ ഇടയുള്ളതിനാൽ ചാഞ്ചാട്ട സാധ്യത ശക്തമാക്കാം. ആഗോള തലത്തിൽ യു.എസ് ഇന്ത്യൻ മാർക്കറ്റുകൾ മറ്റ് രാജ്യങ്ങളെ അസൂയപ്പെടുത്തും വിധം കുതിക്കുകയാണ്. അമേരിക്കയിൽ നാസ്ഡാക് മാർച്ചിലെ തകർച്ചയിൽനിന്ന് ഇതിനകം 85 ശതമാനം ഉയർന്നപ്പോൾ സെൻസെക്‌സ് 80 ശതമാനം കയറി. 2016 ലെ ഏറ്റവും താഴ്ന്ന നിലവാരം കണ്ട ശേഷമാണ് ഇന്ത്യൻ വിപണി തിരിച്ച് കയറിയത്. അന്ന് നിഫ്റ്റി സൂചിക 7511 ലേയ്ക്കും സെൻസെക്‌സ് 25,638 ലേയ്ക്കും ഇടിഞ്ഞിരുന്നു.
യൂറോപ്യൻ ഇൻഡക്‌സുകൾക്ക് ഇത്തരം ഒരു തിരിച്ചു വരവ് എട്ട് മാസങ്ങളിൽ കാഴ്ചവെക്കാനായില്ല. ജപ്പാനിൽ നിക്കീ സൂചിക തകർച്ചയ്ക്ക് ശേഷം 40 ശതമാനവും ചൈനീസ് സൂചിക 25 ശതമാനവുമാണ് ഉയർന്നത്. ഇന്ത്യൻ ഇൻഡക്‌സുകൾ വീണ്ടും റെക്കോർഡ് പുതുക്കി. 861 പോയന്റ് പ്രതിവാര നേട്ടത്തിലാണ് ബോംബെ സെൻസെക്‌സ്. 46,099 ൽ നിന്ന് 47,026 വരെ കയറി റെക്കോർഡ് സ്ഥാപിച്ച ശേഷം വാരാന്ത്യം 46,960 പോയന്റിലാണ്. ഏഴ് ആഴ്ചകളിൽ വിപണി വാരികൂട്ടിയത് 5100 പോയന്റാണ്. ഈ വാരം 46,192-45,424 റേഞ്ചിൽ താങ്ങുണ്ട്. സെൻസെക്‌സ് 47,377 ലെ ആദ്യ പ്രതിരോധം മറികടന്നാൽ 47,794 നെ ലക്ഷ്യമാക്കി നീങ്ങാം.
നിഫ്റ്റി 13,513 ൽ നിന്നും 13,472 ലേയ്ക്ക് തുടക്കത്തിൽ താഴ്ന്നങ്കിലും പിന്നീട് സൂചിക പുതിയ ഉയരങ്ങൾ സ്വന്തമാക്കി.
13,647 ലെ ആദ്യ പ്രതിരോധം നിഫ്റ്റി തകർത്തങ്കിലും വാരത്തിന്റെ രണ്ടാം പകുതിയിൽ 13,783 ലേയ്ക്ക് ഉയരാനുള്ള ശ്രമം കേവലം പത്ത് പോയന്റ് അകലെ 13,773 ൽ അവസാനിച്ചു.
വാരാന്ത്യം സൂചിക 13,760 ലാണ്, പ്രതിവാര വർദ്ധന 246 പോയന്റ്. ഈവാരം ആദ്യ റെസിസ്റ്റൻസ് 13,864 പോയന്റിലാണ്. ഇത് മറികടന്നാൽ 13,969 ൽ വീണ്ടും തടസ്സമുണ്ട്. 14,000-14,200 ൽ ശക്തമായ വിൽപന സമ്മർദത്തിന് ഇടയുണ്ട്. ഒരു തിരുത്തലിന് നീക്കം നടത്തിയാൽ 13,563-13,367 റേഞ്ചിൽ താങ്ങ് പ്രതീക്ഷിക്കാം. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 73.64 ൽ നിന്ന് 73.53 ലേയ്ക്ക് മെച്ചപ്പെട്ടു.
യു.എസ് ഡോളർ സൂചിക 89.92 ലാണ്, 2018 രേഖപ്പെടുത്തിയ 89 ലെ നിർണായക താങ്ങ് നഷ്ടപ്പെട്ടാൽ ഡോളർ സൂചിക 2010 ലെ 86 റേഞ്ചിലേയ്ക്ക് നീങ്ങാമെങ്കിലും അത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ യു.എസ് ഫെഡ് എല്ലാ ശ്രമം നടത്താം.
മുൻ നിരയിലെ പത്തിൽ എട്ട് കമ്പനികളുടെ വിപണി മൂല്യത്തിൽ 1,25,229 കോടി രൂപയുടെ വർധന. എച്ച്.ഡി.എഫ്.സി, ടി.സി.എസ്, ബജാജ് ഫിനാൻസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എച്ച്.ഡി.എഫ്.സി ബാങ്ക് ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, ഐ. സി.ഐ.സി.ഐ ബാങ്ക് എന്നിവയ്ക്കും നേട്ടം.
2019 ഏപ്രിലിന് ശേഷം ആദ്യമായി ഏഴ് ആഴ്ച്ചകളിൽ ഇന്ത്യൻ മാർക്കറ്റ് തുടർച്ചയായി തിളങ്ങി. പിന്നിട്ടവാരം പ്രതിദിനം ഏകദേശം 3200 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ വിദേശ ഫണ്ടുകൾ ശേഖരിച്ചു. ഡിസംബറിൽ അവർ 36,000 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഡോളർ സൂചികയ്ക്ക് നേരിട്ട മാന്ദ്യമാണ് ഫണ്ട് പ്രവാഹം ശക്തമാക്കിയത്.