തീവ്രവാദ ബന്ധം: ജനകീയ സമരം തകർക്കാനുള്ള സി.പി.എം തന്ത്രം-ഒ.ഐ.സി.സി

റിയാദ് - ഗെയിൽ പദ്ധതി ജനവാസ കേന്ദ്രത്തിലൂടെ കടന്നു പോകുമ്പോൾ സാധാരണ ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടി ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടതാണെന്നു ഒ.ഐ.സി.സി  മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം ഭൂമിയിലെ തെങ്ങും കവുങ്ങും യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഒരു ദിവസം രാവിലെ വന്നു മുറിച്ചു മാറ്റപ്പെടുമ്പോൾ തീർച്ചയായും  അതിനെതിരെ ആ  പ്രദേശത്തെ ജനങ്ങൾ പ്രതികരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. അത്തരത്തിലുള്ള പ്രതിഷേധമാണ് എരഞ്ഞിമാവിൽ കണ്ടത്. അതിനെ തീവ്രവാദമായി കണ്ട സർക്കാർ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. പലരും തങ്ങളുടെ ഭൂമി കൈയേറി മരങ്ങൾ മുറിച്ചു മാറ്റുമ്പോൾ മാത്രമാണ് വിവരം അറിയുന്നത്. പദ്ധതി നടപ്പാക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട പരിസരവാസികളുമായും അതാത് പ്രദേശങ്ങളിലെ ജന. പ്രതിനിധികളുമായും ചർച്ച ചെയ്തു സമവായത്തിലെത്തിയതിനു ശേഷം മാത്രമേ ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പാക്കാൻ പാടുള്ളു  എന്ന സാമാന്യബോധം സർക്കാരിനില്ലാതെ പോയത് കഷ്ടമാണ്. ഐക്യ ജനാധിപത്യ മുന്നണി ഭരിച്ചിരുന്ന കാലഘട്ടത്തിൽ ഗെയിൽ പദ്ധതിക്കെതിരെ സമരം നടത്തിയ സി.പി.എം അന്നവർ ഉന്നയിച്ചിരുന്ന  കാര്യങ്ങൾ  പോലും നടപ്പിലാക്കാതെയാണ് പദ്ധതി കൊണ്ട് പോകുന്നത്. ഇത് ദുരൂഹമാണ്. വികസനത്തിന് ആരും എതിരല്ല. എന്നാൽ  എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തുവേണം പദ്ധതി നടപ്പിലാക്കാൻ. പോലീസിനെ ഉപയോഗിച്ചു പദ്ധതി നടപ്പിലാക്കാനാണ് ഗവൺമെന്റിന്റെ  നീക്കമെങ്കിൽ അതിനെ ശക്തമായി എതിർക്കപ്പെടേണ്ടതാണെന്ന് ജില്ല കമ്മിറ്റി വിലയിരുത്തി. ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ് ലൈൻ ഇടുന്നതിനു മുമ്പ് ജനങ്ങളുമായി സംസാരിക്കണമായിരുന്നു. 
ഇതുമായി ബന്ധപ്പെട്ട് അവിടെയുണ്ടായ ജനകീയ സമരങ്ങളെ വർഗീയമായി ചിത്രീകരിക്കുവാനുള്ള സി.പി.എമ്മിന്റെ ശ്രമം ആടിനെ പട്ടിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇത് വില പോകില്ലെന്നും  ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
 

Latest News