Sorry, you need to enable JavaScript to visit this website.

ഹാഥ്‌റസിനു പിന്നാലെ യു.പിയിലെ പല കള്ളക്കേസുകളും തെളിയുമെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ- ഹാഥ്‌റസ് ബലാത്സംഗ, കൊലപാതകക്കേസില്‍ തുറന്നു കാണിക്കപ്പെട്ടതുപോലെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ മറ്റു കള്ളക്കേസുകളിലും തുറന്നുകാണിക്കപ്പെടുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
പാര്‍ട്ടി നേതാവ് അസം ഖാനെതിരായ വ്യാജ കേസുകളിലും ഇതേ അനുഭവം യോഗി സര്‍ക്കാരിന് നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് പേര്‍ക്കെതിരെ സിബിഐ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഫോറന്‍സിക് പരിശോധനയില്‍ ബലാത്സംഗത്തിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് അവകാശപ്പെട്ട ഉത്തര്‍പ്രദേശിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കനത്ത തിരിച്ചടിയാണ് സി.ബി.ഐയുടെ കണ്ടെത്തലുകള്‍.  

ഹാഥ്‌റസ് സംഭവത്തില്‍ ബിജെപി സര്‍ക്കാരിന്റെ നുണകള്‍ തുറന്നുകാണിക്കിപ്പെട്ടിരിക്കെ  യുപിയിലെ വ്യാജ കേസുകള്‍ തുറന്നുകാട്ടുന്ന പ്രക്രിയ ആരംഭിച്ചതായി അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

അസം ഖാനെതിരായ വ്യാജ കേസുകളും സര്‍ക്കാരിനും തിരിച്ചടിയാകുമെന്നും  അദ്ദേഹത്തിന് ഉടന്‍ തന്നെ നീതി ലഭിക്കുമെന്നും ജുഡീഷ്യറിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് ഉറപ്പുണ്ട്- ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന്‍ അബ്ദുല്ല ഹാജരാക്കിയ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ സീതാപൂര്‍ ജയിലില്‍ കഴിയുകയാണ് രാംപൂറില്‍ നിന്നുള്ള ലോക്‌സഭാംഗമായ അസം ഖാന്‍.  

ചാന്‍സലറായിരുന്ന മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയ്ക്ക് ചുറ്റുമുള്ള ഭൂമി കൈയേറ്റം ചെയ്തുവെന്നും സമാജ്‌വാദി പാര്‍ട്ടി എം.പിക്കെതിരെ കേസ് നിലവിലുണ്ട്.

 

Latest News