മക്ക - രണ്ടര മാസത്തിനിടെ 12 ലക്ഷത്തിലേറെ പേർ ഉംറ നിർവഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഒക്‌ടോബർ നാലു മുതൽ ഡിസംബർ 19 വരെയുള്ള ദിവസങ്ങളിൽ സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ തീർഥാടകരും അടക്കം ആകെ 12,34,000 പേരാണ് ഉംറ നിർവഹിച്ചത്. ഇക്കാലയളവിൽ ആകെ 33,80,000 പേർ വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ച് ഉംറ, സിയാറത്ത് കർമങ്ങൾ നിർവഹിക്കുന്നതിന് പടിപടിയായി അനുമതി നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായ മൂന്നാം ഘട്ടമാണ് നിലവിലുള്ളത്. ഒക്‌ടോബർ 4 ന് ആരംഭിച്ച ആദ്യ ഘട്ടത്തിൽ സൗദി അറേബ്യക്കകത്തു നിന്നുള്ള സ്വദേശികൾക്കും വിദേശികൾക്കുമാണ് ഉംറ അനുമതി നൽകിയത്. ആരോഗ്യ മുൻകരുതൽ നടപടികൾ കണക്കിലെടുത്തുള്ള വിശുദ്ധ ഹറമിന്റെ ശേഷിയുടെ 30 ശതമാനം പേർക്കു (ദിവസത്തിൽ 6,000 പേർ) മാത്രമാണ് ആദ്യ ഘട്ടത്തിൽ ഉംറ അനുമതി നൽകിയത്. ഒക്‌ടോബർ 18 ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ രാജ്യത്തിനകത്തുള്ള സൗദി പൗരന്മാർക്കും വിദേശികൾക്കും ഉംറ നിർവഹിക്കാനും മസ്ജിദുനബവി സിയാറത്ത് നടത്താനും ഇരു ഹറമുകളിലും നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും അനുമതി നൽകി.






