റിയാദ്- വാണിജ്യം, സാമ്പത്തികം, ശാസ്ത്രം, സാങ്കേതികം എന്നീ മേഖലകളിൽ വിശാല സഹകരണത്തിനായുള്ള ഉഭയ കക്ഷി കരാറിൽ സൗദിയും റഷ്യയും ഒപ്പുവെച്ചു. സൗദി-റഷ്യൻ ഇന്റർ ഗവൺമെന്റൽ കമ്മിറ്റി തലവന്മാരായ സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി അലക്‌സാണ്ടർ നോവാകും ഇന്നലെ റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പുവെച്ചത്. ഒക്ടോബറിൽ റിയാദ് സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് കൂടിക്കാഴ്ച. കൂടാതെ, 2019 ജൂൺ 20ന് മോസ്‌കോയിൽ നടന്ന ആറാമത് സെഷന്റെ പുരോഗതിയും അടുത്ത സെഷനുള്ള തയാറെടുപ്പും അബ്ദുൽ അസീസ് രാജകുമാരനും അലക്‌സാണ്ടർ നോവാക്കും അവലോകനം ചെയ്തു.
വാണിജ്യ, സാമ്പത്തിക, ശാസ്ത്ര സാങ്കേതിക മേഖലകളിലെ നിക്ഷേപങ്ങൾ വർധിപ്പിക്കുക എന്നതാണ് പ്രധാനമായും അടുത്ത സെഷൻ ലക്ഷ്യമിടുക.
ആഗോള എണ്ണ വിപണികളുടെ സുസ്ഥിരത വീണ്ടെടുക്കുന്നതിനായി എണ്ണ ഉൽപാദനം കുറച്ച് കൊണ്ട് ഒപെക്കും ഒപെക് ഇതര ഉൽപാദന രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയ സഹകരണ കരാറിനെ സമിതി പിന്തുണക്കും. വ്യവസായങ്ങൾ, ബഹിരാകാശ പര്യവേക്ഷണം, ഐ.ടി, ആശയവിനിമയ സാങ്കേതികവിദ്യ, നഗരവികസനം, ധനകാര്യം, ബാങ്കിംഗ്, ഗതാഗതം, വിദ്യാഭ്യാസം, സംസ്‌കാരം, ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള പൊതു താൽപര്യമുള്ള മേഖലകൾ എന്നിവയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഇൻഫർമേഷൻ കൈമാറ്റം ചെയ്യുന്നതിനും സൗദി-റഷ്യ ഇന്റർഗവൺമെന്റൽ കമ്മിറ്റി നേതാക്കൾ തീരുമാനിച്ചു. കൂടാതെ, ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢീകരിച്ച് നിക്ഷേപം സമാഹരിക്കുന്നതിനും ഹൈടെക് ഉൽപന്നങ്ങൾ സംയുക്തമായി ഉൽപാദിപ്പിക്കുന്നതിനും കമ്മിറ്റിക്ക് പദ്ധതിയുണ്ട്.
കമ്മിറ്റിയുടെ ഏഴാമത് സെഷൻ 2021 ൽ സൗദി അറേബ്യയിൽ നടക്കും. എന്നാൽ കൃത്യമായ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സൗദി ഊർജ മന്ത്രിയും റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും അറിയിച്ചു.