Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

കഅ്ബയുടെ വാതിൽ ഡിസൈനർ  എൻജി. അൽജുൻദി നിര്യാതനായി

മുനീർ അൽജുൻദി താൻ രൂപകൽപ്പന ചെയ്ത കഅ്ബയുടെ വാതിലിന് സമീപം ഫോട്ടോക്ക് പോസ് ചെയ്യുന്നു.
മുനീർ അൽജുൻദി ഖാലിദ് രാജാവിനോടൊപ്പം (ഫയൽ)

റിയാദ്- വിശുദ്ധ കഅ്ബാലയത്തിന്റെ വാതിൽ രൂപകൽപ്പന ചെയ്ത പ്രശസ്ത ഡിസൈനർ എൻജി. മുനീർ അൽജുൻദി നിര്യാതനായി. ശനിയാഴ്ച ജർമനിയിൽ വെച്ചായിരുന്നു അന്ത്യം. 
സിറിയയിലെ ഹിംസിൽ ജനിച്ച അൽജുൻദി ചെറുപ്പത്തിലേ വാസ്തുകലയിൽ അവഗാഹം നേടി. തുടക്കത്തിൽ ഒട്ടേറെ കെട്ടിടങ്ങളും വാസ്തുക്കളും ഡിസൈൻ ചെയ്‌തെങ്കിലും കഅ്ബയുടെ മുൻ വാതിൽ ആലേഖനം ചെയ്തതോടെയാണ് ജുൻദിയുടെ വൈദഗ്ധ്യം ലോകമറിയുന്നത്. ഖാലിദ് രാജാവിന്റെ നിർദ്ദേശ പ്രകാരമാണ് എൻജി. അൽജുൻദി തന്നെ പ്രശസ്തിയുടെ പാരമ്യതയിലേക്ക് ഉയർത്തിയ യത്‌നത്തിന് തുടക്കം കുറിച്ചത്. 
മക്കയിലെ പ്രമുഖ വാസ്തു ശിൽപികളായ അഹ്മദ് ബിൻ ഇബ്രാഹിം ബദ്ർ, അബ്ദുറഹ്മാൻ അമീൻ എന്നിവരോടൊപ്പമാണ് ശൈഖ് മഹ്മൂദ് അൽബദർ ഫാക്ടറിയിൽ അൽജുൻദി ഡിസൈനിംഗ് പൂർത്തിയാക്കിയത്. ആദര സൂചകമായി കഅ്ബയുടെ വാതിലിൽ അൽജുൻദിയുടെ നാമം ഉല്ലേഖനം ചെയ്തിട്ടുണ്ട്.  


ഖാലിദ് രാജാവിന്റെ നിർദേശ പ്രകാരം ശൈഖ് അബ്ദുറഹീം ആലുബുഖാരിയാണ് മൂന്ന് മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുള്ള വാതിലിന്മേൽ കാലിഗ്രഫി ചെയ്തത്. 
99.99 മാറ്റ് പരിശുദ്ധിയുള്ള 280 കിലോ സ്വർണം ഉപയോഗിച്ചാണ് കഅ്ബയുടെ വാതിൽ നിർമിച്ചത്. 1,34,20,000 റിയാൽ ചെലവ് വന്ന നിർമാണ പ്രവർത്തനം ഒന്നര വർഷമെടുത്താണ് പൂർത്തീകരിച്ചത്. മികച്ച ഗുണമേന്മയിലും നൂതനമായ സാങ്കേതിക വിദ്യയിലുമാണ് വാതിൽ രൂപകൽപ്പന ചെയ്തത്. സമീകൃത രൂപങ്ങളിൽപെട്ട കാലിഗ്രഫികളാണ് ഈ വാതിലുകളുടെ ഏറ്റവും വലിയ സവിശേഷതയായി ഗണിക്കുന്നത്.
എൻജി. മുനീർ അൽജുൻദിയുടെ വിയോഗത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുശോചനം രേഖപ്പെടുത്തി. മികവും ജ്ഞാനവും ഒത്തുചേർന്ന ഒരു പ്രതിഭയെയാണ് അൽജുൻദിയുടെ മരണത്തോടെ നഷ്ടമായതെന്ന് രാജാവ് പറഞ്ഞു.

 


 

Latest News