Sorry, you need to enable JavaScript to visit this website.

നേപ്പാളില്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിട്ടു; 2021 ഏപ്രിലില്‍ തെരഞ്ഞെടുപ്പ്

കാഠ്മണ്ഡു- നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള മന്ത്രിസഭയുടെ തീരുമാന പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി അംഗീകരിച്ചു. ഞായറാഴ്ച രാവിലെ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗമാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്. അടുത്ത വര്‍ഷം ഏപ്രില്‍ 30നും മേയ് 10നുമിടയില്‍ രണ്ടു ഘട്ടങ്ങളിലായി ഇടക്കാല തെരഞ്ഞെടുപ്പു നടക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇതോടെ ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗീയ പോര് പുതിയ തലത്തിലേക്ക് മാറി. തീരുമാനം തിടുക്കപ്പെട്ടായിരുന്നെന്നും മന്ത്രിസഭാ യോഗത്തില്‍ എല്ലാ മന്ത്രിമാരും പങ്കെടുത്തിട്ടില്ലെന്നും പാര്‍ട്ടി വക്താവ് നാരായണ്‍കാജി ശ്രേഷ്ഠ പറഞ്ഞു. ഇത് ജനാധിപത്യ ചടങ്ങങ്ങള്‍ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

275 അംഗ പാര്‍ലമെന്റിലേക്ക് 2017ലാണ് തെരഞ്ഞെടുപ്പു നടന്നത്. അന്ന് എന്‍സിപി തൂത്തുവാരിയ വിജയം നേടിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഉള്‍പ്പോര് പാരമ്യത്തിലെത്തിയതോടെയാണ് ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പ്രധാനമന്ത്രിയില്‍ നിന്നും ഇപ്പോള്‍ അപ്രതീക്ഷിത നീക്കം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ ശര്‍മ ഒലി നേതൃത്വം നല്‍കുന്ന ഒരു വിഭാഗവും മുന്‍പ്രധാനമന്ത്രിയും പാര്‍ട്ടിയുടെ ഉന്നത നേതാവുമായ പ്രചണ്ഡയുടെ വിഭാഗവും തമ്മില്‍ മാസങ്ങളായി പോര് നടക്കുകയാണ്. തന്നെ അധികാരത്തില്‍ നിന്ന്് നീക്കാന്‍ ശ്രമം നടക്കുന്നതായി ഒലി നേരത്തെ ആരോപിച്ചിരുന്നു. വിഭാഗീയത രൂക്ഷമായതോടെ ഒലി സ്ഥാനമൊഴിയണമെന്ന് പ്രചണ്ഡയും മാധവ് നേപ്പാളും നേതൃത്വം നല്‍കുന്ന വിഭാഗം ആവശ്യപ്പെട്ടിരുന്നു.

നിലവിലെ നേപ്പാള്‍ ഭരണഘടന പ്രകാരം ഭൂരിപക്ഷ സര്‍ക്കാരിന്റെ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ വകുപ്പില്ലെന്ന് കെ പി ഒലിയുടെ എതിര്‍ചേരി ചൂണ്ടിക്കാട്ടുന്നു. നിലവിലെ പാര്‍ലമെന്റിനെ വച്ച് പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമവും ഇവരില്‍ നിന്ന് ഉണ്ടായേക്കാം.

ഈ ബോംബ് പൊട്ടിക്കുന്നതിനു മുമ്പായി പ്രധാനമന്ത്രി ഒലി ചൊവ്വാഴ്ച ഭരണഘടനാ സമിതി നിയമം ഓര്‍ഡിന്‍സായി ഇറക്കിയിരുന്നു. ക്വാറം തികയാതെ, മൂന്നു മന്ത്രിമാരുടെ മാത്രം സാന്നിധ്യത്തിലും പ്രധാനമന്ത്രിക്ക് അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് തീരുമാനമെടുക്കാന്‍ അധികാരം നല്‍കുന്ന നിയമമാണിത്. ഇത് സമര്‍പ്പിച്ച് ഒരു മണിക്കൂറിനകം രാഷ്ട്രപതി ഒപ്പിട്ടതും വിവാദമായിരുന്നു. ഈ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഒലിക്കുമേല്‍ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു.
 

Latest News