Sorry, you need to enable JavaScript to visit this website.

ഹാദിയക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ദേശീയ വനിതാ കമ്മീഷൻ

കോട്ടയം- ഹാദിയയെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ സന്ദർശിച്ചു.വൈക്കത്ത് ഹാദിയയുടെ വീട്ടിലെത്തിയ രേഖാ ശർമ ഒരു മണിക്കൂറിലേറെ നേരം ഹാദിയയുടെ വീട്ടിൽ ചെലവിട്ടു. ഹാദിയ, അച്ഛൻ അശോകൻ, അമ്മ പൊന്നമ്മ എന്നിവരിൽനിന്ന് വിവരങ്ങൾ ആരാഞ്ഞതായി രേഖാ ശർമ വ്യക്തമാക്കി. തന്നെ ബൊക്കെ നൽകിയാണ് ഹാദിയ സ്വീകരിച്ചതെന്ന് പറഞ്ഞ രേഖാ ശർമ്മ ഇതിന്റെ ചിത്രവും കാണിച്ചു. 

കേരളത്തിൽ ലൗ ജിഹാദല്ല, നിർബന്ധിത മതപരിവർത്തനമാണ് നടക്കുന്നതെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ സുരക്ഷിതയാണെന്നും കോടതിയിലെത്താൻ കാത്തുനിൽക്കുകയാണെന്നും ഹാദിയ പറഞ്ഞതായി രേഖ ശർമ പറഞ്ഞു. ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ വീട്ടിലുണ്ട്. ഹാദിയ സന്തോഷവതിയാണ്. മാനസിക വിഷമങ്ങൾ അനുഭവിക്കുന്നില്ല. അതേസമയം, ഹാദിയ പറഞ്ഞ മുഴുവൻ കാര്യങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള കാര്യത്തിൽ കൂടുതൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. 
ഹാദിയ പ്രശ്‌നത്തിൽ കൂടുതൽ വനിത കമ്മീഷന് പ്രത്യേകം പരാതികൾ ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അവരെ സന്ദർശിച്ചത്. ഹാദിയയോട് നേരിട്ട് വിവരങ്ങൾ അറിയാനാണ് വന്നതെന്നും രേഖ ശർമ പറഞ്ഞു.
ഹാദിയയെ വീട്ടിൽ സന്ദർശിക്കുമെന്ന് രേഖ ശർമ്മ ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ഹാദിയക്കും കുടുംബത്തിനും പറയാനുള്ളത് കേൾക്കുമെന്നും ഇത് സംബന്ധിച്ച് പ്രത്യേക പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു. ഹാദിയയെ സന്ദർശിക്കാനുള്ള തീരുമാനം കമ്മീഷൻ സ്വമേധയാ എടുത്തതാണെന്നും സന്ദർശനവുമായി ബന്ധപ്പെട്ട പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി കൂടിക്കാഴ്ച നടത്തുമെന്നും രേഖാ ശർമ വ്യക്തമാക്കിയിരുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് രേഖാ ശർമ്മ ഹാദിയയുടെ വൈക്കത്തെ വീട്ടിലെത്തിയത്. ദേശീയ മാധ്യമങ്ങളടക്കം നിരവധി പേർ സ്ഥലത്തെത്തിയിരുന്നു. മാധ്യമ പ്രവർത്തകർക്ക് ഹാദിയയെ കാണാൻ കഴിഞ്ഞില്ല. 

Latest News