Sorry, you need to enable JavaScript to visit this website.

ഷിഗെല്ല ലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ 50 കവിഞ്ഞു; കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത

കോഴിക്കോട്- ജില്ലയില്‍ ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 50  കവിഞ്ഞു. രോഗം പടരാതിരിക്കാന്‍ വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച കോട്ടാംപറമ്പില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
പ്രദേശത്തെ 120 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.

മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ കൂടി വെള്ളത്തില്‍ കലരുന്നത്. അതുകൊണ്ട് തന്നെ വ്യക്തി ശുചിത്വം പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്.

രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷിഗെല്ല പടരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഛര്‍ദ്ദി, പനി, വയറിളക്കം, വിസര്‍ജ്ജ്യത്തില്‍ രക്തം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

 

Latest News