Sorry, you need to enable JavaScript to visit this website.

ആര്‍.എസ്.എസ് ആലയിലേക്ക് മുഖ്യമന്ത്രി സ്വന്തം അണികളെ ആട്ടിത്തെളിക്കുന്നു-പി.മുജിബ് റഹ്മാന്‍

കോഴിക്കോട്- മുസ്‌ലിം ഭീതി പരത്തി സംഘപരിവാറിന് മരുന്നിട്ട് കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അല്‍പത്തവും ആപല്‍ക്കരവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി.മുജീബുറഹ്മാന്‍ ആരോപിച്ചു. മുഖ്യമന്ത്രി പദവിയുടെ മഹത്വം കളഞ്ഞുകുളിച്ച് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമാക്കി കേരളത്തില്‍ വര്‍ഗീയവത്കരിക്കാന്‍ പിണറായി വിജയന്‍ നടത്തുന്ന ശ്രമം മാപ്പര്‍ഹിക്കാത്തതാണെന്ന് മുജീബുറഹ്മാന്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചു.

 
കേരളത്തെ വര്‍ഗീയമായി ധ്രുവീകരിച്ചിട്ടായാലും അധികാര തുടര്‍ച്ച ഉണ്ടാകണമെന്ന് വാശി കേരളത്തോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് നടത്തുന്ന ഏകപക്ഷീയമായ തെറിവിളി വിളിക്ക് പകരം ജമാഅത്തുമായി ജനകീയ സംവാദത്തിന് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

    മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയസദാചാരവും മാന്യതയും കാണിക്കണം

    കുറച്ചുകാലമായി രാഷ്ട്രീയ ദുഷ്ടലാക്കോടെ ശ്രീ പിണറായി വിജയന്‍ ജമാഅത്തെ ഇസ്‌ലാമിയെ തെറിവിളിക്കുന്നു. പിണറായിയുടെ വിമര്‍ശനത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് അസ്വസ്ഥതയുണ്ടായിട്ടല്ല; ഉണ്ടാകേണ്ടതുമില്ല. കാരണം, ഒരു നവോത്ഥാന പ്രസ്ഥാനമെന്ന നിലയില്‍ മതരാഷ്ട്രീയ രംഗത്തെ വിമര്‍ശനങ്ങളും തെറിവിളികളും നിരന്തരം നേരിട്ടുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വളര്‍ന്നുവന്നത്. വിമര്‍ശനങ്ങള്‍ പ്രസ്ഥാനത്തെ തളര്‍ത്തുകയല്ല മറിച്ച്, വളര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. ആ അര്‍ഥത്തില്‍ ഈ കൊച്ചു പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഇപ്പോള്‍ മുഖ്യമന്ത്രിതന്നെ ഏറ്റെടുത്തത് സന്തോഷകരമാണ്.

    എന്നാല്‍, മുഖ്യമന്ത്രി പദവിയുടെ മഹത്വം കളഞ്ഞുകുളിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളെപ്പോലെ രാഷ്ട്രീയ ലാഭംമാത്രം ലാക്കാക്കി കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ പിണറായി വിജയന്‍ നടത്തുന്ന ശ്രമം മാപ്പര്‍ഹിക്കാത്തതാണ്. കേരളത്തെ വര്‍ഗീയമായി ധ്രുവീകരിച്ചിട്ടായാലും അധികാരത്തുടര്‍ച്ചയുണ്ടാവണമെന്ന വാശി കേരളത്തോടുള്ള വെല്ലുവിളികൂടിയാണ്.

    ശ്രീ പിണറായി വിജയന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിരവധിതവണ ജമാഅത്തെ ഇസ്‌ലാമിയുമായി സംസാരിച്ചിട്ടുണ്ട്. പലതവണ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചിട്ടുമുണ്ട്. കോടിയേരിയും ജയരാജനും ഐസക്കും ഷൈലജ ടീച്ചറും ശ്രീമതി ടീച്ചറും തുടങ്ങി സാക്ഷാല്‍ വി.എസ് അച്യുതാനന്ദന്‍വരെ ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ സഹകരണം നടത്തിയവരുടെ പട്ടികയിലുണ്ട്. എന്നിട്ടും അതെല്ലാം വിസ്മരിച്ച്, മാഅത്തെ ഇസ്‌ലാമിയെ പൈശാചികവല്‍ക്കരിച്ച് കേരളത്തിലെ സാമൂഹ്യന്തരീക്ഷത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കം അധികാരക്കൊതികൊണ്ട് മാത്രമാണ്.

    സംഘ്പരിവാറിനെപ്പോലും നാണിപ്പിക്കുംവിധം വര്‍ഗീയത പ്രചരിപ്പിച്ച് ഇസ്‌ലാമോഫോബിയയുടെ വളക്കൂറുള്ള മണ്ണില്‍ അധികാരമുറപ്പിക്കുവാനുള്ള വിലകുറഞ്ഞ നീക്കം കേരളത്തിനപമാനകരവും അപകടകരവുമാണെന്ന് ഉപദേശപ്പടയുള്ള മുഖ്യമന്ത്രിക്ക് ഇനിയാരാണ് ഉപദേശിച്ചു കൊടുക്കേണ്ടത്.

    സി.പി.എമ്മിനെയും പിണറായിയേയും ഒരുകാര്യമുണര്‍ത്തട്ടെ. സഖാവ് പിണറായി വിജയന്‍ കേരളത്തിലെ സി.പി.എമ്മിന്റെ അവസാന മുഖ്യമന്ത്രിയാകരുത് എന്നാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്. താല്‍ക്കാലിക വോട്ടുലാഭത്തിന് സംഘ്പരിവാറിന്റെ ഭാഷയും വോട്ടുരീതിയും സ്വീകരിച്ചവര്‍ ആത്യന്തികമായി ആര്‍.എസ്.എസിന്റെ ആലയിലേക്ക് അനുയായികളെയും കേരളത്തെതന്നെയും ആട്ടിതെളിയിക്കുകയാണെന്ന യാഥാര്‍ഥ്യം വിവരമുള്ള ആരില്‍നിന്നെങ്കിലും അറിഞ്ഞുവെക്കുന്നത് നല്ലതാണ്.

    മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് നടത്തുന്ന ഏകപക്ഷീയമായ തെറിവിളിക്കുപകരം ജമാഅത്തുമായി ജനകീയമായ സംവാദത്തിന് തയ്യാറാവുക.

    മാര്‍ക്‌സിസം/ഇസ്‌ലാം സൈദ്ധാന്തിക പരികല്‍പനകള്‍തൊട്ട് സമകാലിക കേരളത്തിന് അനുയോജ്യമായ സാമൂഹിക ക്രമമേതെന്ന തലത്തില്‍ നിന്നുകൊണ്ടും നമുക്കിടയില്‍ സംവാദമാകാവുന്നതാണ്.
    മറിച്ച് ഒരു മുഖ്യമന്ത്രിതന്നെ ദിവസവും വൈകുന്നേരം മുസ്‌ലിം കര്‍തൃത്വങ്ങളെകുറിച്ച് ഭീതി പരത്തി സംഘ്പരിവാറിന് മരുന്നിട്ട് കൊടുക്കുന്നത് അല്‍പത്തവും ആപല്‍ക്കരവുമാണ്.

 

 

Latest News