Sorry, you need to enable JavaScript to visit this website.

ഇടതുമുന്നണിക്ക് കടുത്ത പ്രഹരമേറ്റ തെരഞ്ഞെടുപ്പെന്ന്   മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം- ജില്ലയിൽ ഇടതുമുനണിക്ക് കനത്ത പ്രഹരമാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റിരിക്കുന്നതെന്ന് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി വിലയിരുത്തി. മുസ്്ലിം ലീഗ് ജില്ലയിൽ രാഷ്ട്രീയമായ അപ്രമാദിത്വം ഒരിക്കൽ കൂടി തെളിയിച്ചതായും യോഗം അഭിപ്രായപ്പെട്ടു. മുസ്്ലിം ലീഗിന്റെ അടിത്തറ തകർക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മുന്നണി 94 ഗ്രാമപഞ്ചായത്തുകളുള്ള ജില്ലയിൽ 19 പഞ്ചായത്തുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു പഞ്ചായത്തുകളിലും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലും പ്രതിപക്ഷത്തിരിക്കാൻ ഒരു പ്രതിനിധിയെ പോലും അവർക്ക് വിജയിപ്പിക്കാനായില്ല. 


മുസ്്ലിം ലീഗിന്റെ പ്രതിനിധികൾ വമ്പിച്ച വിജയം കൈവരിച്ച സ്ഥലങ്ങളിൽ പോലീസ് അതിക്രമം നടത്തി എൽ.ഡി,എഫിന് വേണ്ടി പ്രതികാരം ചെയ്യുകയാണ്. ജില്ലയിലെ മുസ്ലിം ലീഗിന്റെ പടയോട്ടത്തിനു മുന്നിൽ അടിപതറിയ എൽ.ഡി.എഫ് പോലീസിനെ ഉപയോഗിച്ച് മുസ്്ലിം ലീഗ് പ്രവർത്തകരെ അടിച്ചൊതുക്കി മനോവീര്യം തകർക്കാനാണ് ശ്രമിക്കുന്നത്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിരോധവും പ്രക്ഷോഭവും നടത്തുന്നതിന് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പുറത്തൂരിൽ വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ വീടും കടയും അക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു. ബി.ജെ.പിക്ക് ജില്ലയിൽ സീറ്റുകളും വോട്ടും കുറഞ്ഞതായി യോഗം വിലയിരുത്തി. പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറർ പി.വി. അബ്ദുൾവഹാബ് എം.പി, സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കെ.എൻ.എ. ഖാദർ എം.എൽ.എ, എം. ഉമർ എം.എൽ.എ, പി. അബ്ദുൽ ഹമീദ് എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, സി. മമ്മുട്ടി എം.എൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ, ജില്ലാ ഭാരവാഹികളായ അഡ്വ. യു.എ ലത്തീഫ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, കെ. മുഹമ്മദുണ്ണി ഹാജി, അഷ്റഫ് കോക്കൂർ, എം.എ ഖാദർ, എം. അബ്ദുല്ലക്കുട്ടി, പി.എ.റഷീദ്,സി. മുഹമ്മദലി, ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, ഇസ്മായിൽ മൂത്തേടം, കെ.എം. ഗഫൂർ, പി.കെ.സി അബ്ദുറഹ്മാൻ, നൗഷാദ് മണിശേരി പങ്കെടുത്തു.


 

Latest News