സമ്പന്നരുടെ വൻ കള്ളപ്പണ നിക്ഷേപം പുറത്തായി; പാരഡൈസ് രേഖകളിൽ 714 ഇന്ത്യക്കാരും

ന്യൂദൽഹി- ഇന്ത്യയിലെ സമ്പന്നരുടേയും രാഷ്ട്രീയ നേതാക്കളുടേയും കോടികളുടെ നികുതിവെട്ടിച്ചുള്ള കള്ളപ്പണ നിക്ഷേപത്തിന്റെ രഹസ്യരേഖകൾ പുറത്തായി. നികുതി ഇളവുകളും സ്വകാര്യതയുമുള്ള വിദേശ രാജ്യങ്ങളിൽ പൂഴ്ത്തിവച്ച വൻ കള്ളപ്പണ നിക്ഷേപത്തിന്റെ വിശദാശംങ്ങളാണ് പാരഡൈസ് രേഖകൾ എന്ന പേരിൽ വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിലൂടെ പുറത്തു വന്നത്. ഒന്നര വർഷം മുമ്പ് സമാനരീതിയിൽ പരസ്യമായ പാനമ രേഖകളുടെ തുടർച്ചയായാണ് പാരഡൈസ് രേഖകളും. ബർമുഡയിലെ ആപ്പ്ൾബൈ, സിംഗപൂരിലെ ഏഷ്യസിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ നികുതിയില്ലാതെ നിക്ഷേപം നടത്താവുന്ന 19 രാജ്യങ്ങളിൽ സമ്പന്നരായ പ്രമുഖർ പൂഴ്ത്തിവച്ച കള്ളപ്പണത്തിന്റെ കണക്കുകളാണ് പാരഡൈസ് രേഖകളിലൂടെ പുറത്തു വന്നിരിക്കുന്നത്.

2013, 2015, 2016 വർഷങ്ങളിൽ വിവിധ പേരുകളിൽ പുറത്തു വന്ന കള്ളപ്പണ രേഖകളുടെ തുടർച്ചയായാണിത്. എന്നാൽ ഇതുവരെ പുറത്തുവന്നതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക രഹസ്യ വിവരങ്ങളുടെ ശേഖരമാണ് പാരഡൈസ് രേഖകളിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൽ പുറത്തു വന്നുകൊണ്ടിരിക്കും. ഇതോടെ പല പ്രമുഖരുടെയും കള്ളപ്പണ രഹസ്യം പുറത്തുവരുന്നത് ജിജ്ഞാസയോടെ രാജ്യം കാത്തിരിക്കുകയാണ്.

മൊത്തം 13.4 ദശലക്ഷം രേഖകളാണ് ഇങ്ങനെ ലഭിച്ചത്. ജർമൻ പത്രമായ സെദോഷ് സയ്‌തൊങിനു ലഭിച്ച ഈ രേഖകൾ അന്വേഷണാത്മകക പത്രപ്രവർത്തകരുടെ ആഗോള കൂട്ടായ്മയായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ഐ.സി.ഐ.ജെ) സഹായത്തോടെ ലോകത്തുടനീളമുള്ള 96 മാധ്യമ സ്ഥാനപങ്ങൾ ചേർന്നാണ് അന്വേഷിച്ചു പുറത്തു കൊണ്ടുവന്നത്. ഈ രേഖകളിലുൾപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തിയത് ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രമാണ്. 

നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷിക ദിനമായ ബുധനാഴ്ച കള്ളപ്പണ വിരുദ്ധ ദിനമായി കേന്ദ്ര സർക്കാർ ആഘോഷിക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രിയും ബിജെപി നോതാക്കളും ഉൾപ്പെടെ 741 ഇന്ത്യക്കാരുടെ കള്ളപ്പണ ബന്ധം തെളിവുകൾ സഹിതം പുറത്തു വന്നരിക്കുന്നത്. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ, ബി.ജെ.പി രാജ്യസഭാ എം.പി ആർ കെ സിൻഹ, ബോളിവൂഡ് താരം അമിതാഭ് ബച്ചൻ, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത, വായ്പാതട്ടിപ്പു കേസിൽ ഉൾപ്പെട്ട നാടുവിട്ട വ്യവസായി വിജയ് മല്യ തുടങ്ങി നിരവധി കോർപറേറ്റ് വ്യവസായികളും ഉൾപ്പെടുന്ന ഒരു കോടിയിലേറെ രഹസ്യ രേഖകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വയലാർ രവിയുടെ മകൻ രവി കൃഷ്ണയുടെ പേരും പാരഡൈസ് രേഖകളിലുണ്ട്.

മൊത്തം 180 രാജ്യക്കാരുടെ കള്ളപ്പണ നിക്ഷേപ രഹസ്യങ്ങൾ പുറത്തു വന്ന ഈ രേഖകളിലുണ്ട്. ഇക്കൂട്ടത്തിൽ ഇന്ത്യ 19-ാം സ്ഥാനത്താണ്. മാത്രവുമല്ല ഏറ്റവും വലിയ കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ ഇന്ത്യൻ കമ്പനിയായ സൺ ഗ്രൂപ്പാണ് രണ്ടാം സ്ഥാനത്ത്. ആപ്പ്ൾബൈയുടെ കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങളിലായി 118 വിദേശകടലാസു കമ്പനികൾ സ്ഥാപിച്ചാണ് സൺ ഗ്രൂപ്പ് കള്ളപ്പണം പൂഴ്ത്തിവച്ചിരിക്കുന്നതെന്ന് പാരഡൈസ് രേഖകൾ വ്യക്തമാക്കുന്നു. സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളികളായ വ്യവസായികളും ഇതിലുൾപ്പെടും.

അഴിമതിക്കേസുകളിൽ ആരോപണ വിധേയരായ കമ്പനികളുടെ നീണ്ട പട്ടിക തന്നെ ഇന്ത്യയിൽ നിന്നുണ്ട്. എയർസെൽമാക്‌സിസ് കേസിലുൾപ്പെട്ട കമ്പനിയായ സൺ ടിവി, ടുജി കേസിലുൾപ്പെട്ട എസ്സാർലൂപ്, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉയർന്ന എസ്.എൻ.സി ലാവ്‌ലിൻ, കോൺഗ്രസ് നേതാക്കളായ സചിൻ പൈലറ്റ്, പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എന്നിവരുൾപ്പെട്ട രാജസ്ഥാനിലെ ആംബുലൻസ് കേസിലെ സികിസ്റ്റ ഹെൽത്ത് കെയർ എന്നിവയാണ് ഈ ഗണത്തിൽ പ്രമുഖ പേരുകൾ.

കോർപറേറ്റ് ലോബിയിസ്റ്റ് ആയ നീര റാഡിയ പ്രമാദമായ രഹസ്യ ഫോൺ ചോർത്തൽ വിവാദത്തിനു ശേഷം പാരഡൈസ് രേഖകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബോളിവൂഡ് താരം സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് പഴയ പേരായ ദിൽനശീൻ എന്ന പേരിലാണ് പാരഡൈസ് രേഖകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്.
 

Latest News