മുഖ്യമന്ത്രി പുതിയ കാര്‍ഡിറക്കി കളിക്കുന്നു, പോസ്റ്റ് നിലവാരമില്ലാത്തതെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം- മുസ്‌ലിം ലീഗ് യുഡിഎഫ് നേതൃത്വം ഏറ്റെടുക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നും ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റ് നിലവാരമില്ലാത്തതാണെന്നും പുതിയ കാര്‍ഡുകളിറക്കി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണിതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തരംപോലെ പുതിയ കാര്‍ഡുകളിറക്കിയുള്ള കളിയാണ് മുഖ്യമന്ത്രിയുടേത്. സമുദായ കാര്‍ഡ്, ന്യൂനപക്ഷ കാര്‍ഡ് എന്നിവ പോലെ. ഇത് അപകടമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മറ്റൊരു പാര്‍ട്ടിയുടേയും ആഭ്യന്തര കാര്യങ്ങളില്‍ ലീഗിലെ വലുതും ചെറുതുമായ ഒരു നേതാക്കളും ഇടപെട്ടിട്ടില്ലെന്നും ലിഗ് അങ്ങനെ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോപണം ഏത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കാന്‍ കാരണമായി ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് യോഗത്തിനു ശേഷം നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം.
 

Latest News