Sorry, you need to enable JavaScript to visit this website.

ഭാഷയുടെ വൈവിധ്യവും ഖുർആനിക കാഴ്ചപ്പാടും

ഏതൊരു സമൂഹത്തിന്റെയും ഐക്യവും സാംസ്കാരിക ഔന്നത്യവും പ്രധാനമായും നിലനിൽക്കുന്നത് അവരുടെ ഭാഷയിലൂടെയാണ്. ഭാഷകളാണ് സമൂഹങ്ങളെ വേർതിരിക്കുന്നത്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന്റെ ആണിക്കല്ല് തന്നെ ഭാഷയാണ്.  ഭാഷയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങൾ രൂപം കൊണ്ടിട്ടുള്ളത്. മനുഷ്യന് ഒഴിച്ചുകൂടാനാവാത്തതും നിരന്തരമായി ഉപയോഗിക്കേണ്ടതുമായ ഒന്നാണ് ആശയവിനിമയം. ആശയവിനിമയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമം ഭാഷയാണ്. ഒരു സമൂഹത്തിന്റെ സംസ്കാരത്തെ വളർത്തുന്നതിൽ ഭാഷക്കുള്ള പങ്ക് വളരെ വലുതാണ്. സംസ്കാരത്തെ തളർത്തുന്നതിന് അധിനിവേശ ശക്തികൾ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട മാർഗം ഭാഷയെ നശിപ്പിക്കുക എന്നതായിരുന്നു. മെസൊപൊട്ടോമിയൻ, ബാബിലോണിയൻ സംസ്കാരങ്ങളുടെ തകർച്ചയുടെ പ്രധാന കാരണമായി ചരിത്രം രേഖപ്പെടുത്തുന്നത് ഭാഷയുടെ തിരോധനമാണ്.  എല്ലാ കാലങ്ങളിലും ഭാഷാ വൈവിധ്യത്തിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കുവാനാണ് സ്വച്ഛാധിപതികൾ ശ്രമിച്ചുപോന്നിട്ടുള്ളത്. തങ്ങൾക്ക് അറിഞ്ഞുകൂടാത്ത ഭാഷയിൽ പ്രജകൾ സംസാരിച്ചുകൂടെന്ന കാഴ്ചപ്പാട് പണ്ടുകാലം മുതൽക്കു തന്നെ ഫാസിസ്റ്റുകൾ വെച്ചുപുലർത്തിയിരുന്നു. ഇന്ന് ഇന്ത്യയിൽ നടക്കുന്ന ഭാഷ ഏകീകരണത്തിന്റെ പിന്നിലും ഇതേ ഫാസിസ്റ്റ് ചിന്തകളാണ്. 

ഭാഷയുടെ പ്രാഥമികമായ കർത്തവ്യം വസ്തുക്കളുടെ നാമങ്ങൾ അറിയിക്കുക എന്നതാണ്. മനുഷ്യർ ഭൂമിയിൽ വാസം തുടങ്ങുന്നതോടൊപ്പം ഭാഷയുടെ ചരിത്രവും തുടങ്ങിയിട്ടുണ്ട്. സ്വർഗത്തിൽ വെച്ച് സൃഷ്ടിക്കപ്പെട്ട ആദമിന് വസ്തുക്കളുടെ നാമങ്ങൾ പഠിപ്പിച്ചുകൊടുത്ത ചരിത്രം ഖുർആൻ വിവരിക്കുന്നുണ്ട്. "അല്ലാഹു ആദമിന്‌ നാമങ്ങളെല്ലാം പഠിപ്പിച്ചു.  പിന്നീട്‌ അവയെ അവന്‍ മലക്കുകള്‍ക്ക്‌ കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക്‌ പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക്‌ സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ്‌ സര്‍വ്വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അല്ലാഹു പറഞ്ഞു: ആദമേ, ഇവര്‍ക്ക്‌ അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ ആദം അവര്‍ക്ക്‌ ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അല്ലാഹു പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ?" (ഖുർആൻ 2:31-33). ഭാഷയുടെ ഉത്പത്തിയെ കുറിച്ചന്വേഷിക്കുമ്പോൾ വിശുദ്ധ ഖുർആൻ വിവരിക്കുന്ന ഈ ചരിത്രമാണ് ആധികാരികമായി നമുക്ക് ലഭിക്കുക. 

ജീവിക്കുന്ന സാഹചര്യവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഭാഷയുടെ വൈവിധ്യം സംജാതമാകുന്നത്. ഏതെങ്കിലുമൊരു ഭാഷ തന്നെ ലോകത്തിന് മതിയാകുമായിരുന്നുവെങ്കിൽ സ്രഷ്ടാവ് അതിൽ തന്നെ പരിമിതപ്പെടുത്തുമായിരുന്നു. എല്ലാ ഭാഷകളുടെയും ഉപജ്ഞാതാവ് ഒരേ സ്രഷ്ടാവ് തന്നെയാണ്. മനുഷ്യന് നാവ് നൽകുകയും മനുഷ്യനെ സംസാരിക്കാൻ പഠിപ്പിക്കുകയും ചെയ്തു മറ്റു ജീവികളിൽ നിന്നും ഉത്കൃഷ്ടമായ സംസാര വൈഭവം നൽകുകയും ചെയ്ത സ്രഷ്ടാവ് 'നാവിന്' വൈവിധ്യം കൂടി നൽകി എന്നാണ് ഖുർആൻ പറയുന്നത്. "ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌." (ഖുർആൻ 30:22).  

വിശുദ്ധ വേദഗ്രന്ഥങ്ങൾ അവതരിക്കപ്പെട്ടത് വിവിധ ഭാഷകളിലാണ്. അതിനുള്ള കാരണം പ്രബോധിത സമൂഹത്തിന്റെ ഭാഷാ വൈവിധ്യമായിരുന്നു. വേദഗ്രന്ഥങ്ങൾ മനുഷ്യന്റെ വിശ്വാസപരവും സാംസ്കാരികവുമായ നന്മക്ക് വേണ്ടിയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അവ കേവലം പാരായണഗ്രന്ഥങ്ങളല്ല.  അതുകൊണ്ടുതന്നെ അതിന്റെ ഭാഷ പ്രബോധിത സമൂഹത്തിന് സുഗ്രാഹ്യമായിരിക്കണം. ഏത് പ്രവാചകനാണോ വേദഗ്രന്ഥം അവതരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ സമൂഹത്തിന്റെയും ഭാഷയിലാണ് അത് അവതരിപ്പിക്കപ്പെടുക. ഖുർആൻ പറഞ്ഞു: "യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക്‌ കാര്യങ്ങള്‍ വിശദീകരിച്ച്‌ കൊടുക്കുന്നതിന്‌ വേണ്ടി, അവരുടെ ഭാഷയില്‍ സന്ദേശം നല്‍കിക്കൊണ്ട്‌ അല്ലാതെ നാം നിയോഗിച്ചിട്ടില്ല." (14:4). എല്ലാ പ്രവാചകന്മാരുടെയും ഭാഷ ഒന്നായിരുന്നില്ല. അവരവരുടെ നാടുകളിൽ പ്രാദേശികമായി അവർ ഉപയോഗിച്ചുവന്നിരുന്ന ഭാഷയിലായിരുന്നു പ്രവാചകന്മാരും സംസാരിച്ചിരുന്നത്. 

മുഹമ്മദ് നബി (സ്വ) ക്ക് വിശുദ്ധ ഖുർആൻ അവതരിപ്പിച്ചത് അറബി ഭാഷയിലാണ്. "നിശ്ചയം, ലോക രക്ഷിതാവാണ് ഖുർആൻ ഇറക്കിയത്. വിശ്വസ്താത്മാവിലൂടെ നിങ്ങളുടെ ഹൃദയത്തിലേക്ക് സ്പഷ്ടമായ അറബി ഭാഷയിൽ അവൻ അതിനെ ഇറക്കി, നിങ്ങളത് കൊണ്ട് താക്കീതു ചെയ്യാൻ വേണ്ടി." (26:192–195).

ഭാഷകളുടെ കൂട്ടത്തിൽ ചരിത്രപരമായി ഏറ്റവും പഴക്കമുള്ള ഭാഷ അറബിയാണ് എന്നാണ് അറിയപ്പെടുന്നത്. നാലായിരത്തിലധികം വർഷം പഴക്കം അറബിക്കുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. പ്രവാചകന്റെ കാലം അറബി സാഹിത്യം വളരെയധികം പുരോഗതി പ്രാപിച്ച കാലമായിരുന്നു. സാഹിത്യ അരങ്ങുകൾ അക്കാലത്ത് അവർക്കിടയിൽ പ്രസിദ്ധമായിരുന്നു. ഒരു വ്യക്തിയുടെ ഔന്നത്യം അളക്കുവാൻ അന്നുപയോഗിച്ചിരുന്ന അളവുകോലായിരുന്നു ഭാഷാപരമായ സൗന്ദര്യ മികവുകൾ. എന്നാൽ ഭാഷയും സാഹിത്യവും മനുഷ്യരിൽ സംസ്കാരം വളർത്തുന്നതിന് വേണ്ടിയായിരിക്കണമെന്ന കാഴ്ചപ്പാട് അന്നുണ്ടായിരുന്നില്ല. അമിതമായ സ്ത്രീ വർണ്ണനകളും ലൈംഗിക ഉത്തേജിത ശൈലികളും ഉപയോഗപ്പെടുത്തി സാഹിത്യത്തിലൂടെ പണം സമ്പാദിക്കുകയും പ്രസിദ്ധി ആർജ്ജിക്കുകയും ചെയ്യുക എന്നതായിരുന്നു അന്നത്തെ ഭാഷാ സാഹിത്യ പ്രവർത്തനങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഖുർആൻ സാഹിത്യത്തിന്റെ  ദുരുപയോഗത്തെ വിമർശിച്ചത്. "കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്.‌ അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന്‌ നീ കണ്ടില്ലേ? പ്രവര്‍ത്തിക്കാത്തത്‌ പറയുന്നവരാണ്‌ അവർ. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്തവരൊഴികെ."
(26:224-227).  

ഭാഷക്കും സാഹിത്യത്തിനും രചനാത്മകമായ ശൈലിയും അച്ചടക്കവും കൈവന്നത് ഖുർആന്റെ അവതരണത്തിന് ശേഷമായിരുന്നു. ഖുർആന്റെ ഭാഷക്കും സാഹിത്യത്തിനും മുമ്പിൽ അന്നത്തെ സാഹിത്യ സാമ്രാട്ടുകളെല്ലാം മുട്ടുമടക്കിയ ചരിത്രം പ്രസിദ്ധമാണ്. മനുഷ്യന്റെ നൈമിഷികമായ സുഖങ്ങളെ ഉത്തേജിപ്പിക്കുന്ന സാഹിത്യങ്ങൾക്ക് മനുഷ്യ ഹൃദയങ്ങളോട് സംവദിക്കാൻ സാധിക്കില്ല. എന്നാൽ ഖുർആനെ സംബന്ധിച്ച് 'അലാ ഖൽബിക' (ഹൃദയത്തിലേക്ക്) എന്ന പ്രയോഗം വളരെ ശ്രദ്ധേയമാണ്. മനുഷ്യനെ ചിന്തിപ്പിക്കുകയും ജീവിതത്തിന്റെ ലക്ഷ്യവും ഉത്തരവാദിത്തവും കണ്ടെത്തുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥം എന്നതാണ് ഇതര സാഹിത്യകൃതികളിൽ നിന്നും ഖുർആനെ വ്യത്യസ്തമാക്കുന്നത്. അങ്ങനെ മരണം വരെയുള്ള ജീവിതത്തിലെ വിവിധ രംഗങ്ങളിൽ മനുഷ്യൻ അനുവർത്തിക്കേണ്ട കാര്യങ്ങൾ ഖുർആൻ മനുഷ്യന് സമ്മാനിക്കുന്നു. "അത്‌ കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ള വേദങ്ങളെ ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്‌." (12:111).  

അറബിഭാഷക്ക് അംഗീകാരം നേടിക്കൊടുത്തത് വിശുദ്ധ ഖുർആനാണ്. മുഹമ്മദ് നബി (സ്വ) ലോകത്തിനു മുഴുവനായുള്ള പ്രവാചകനായി നിയോഗിക്കപ്പെട്ടതോടെ ഇസ്‌ലാമിക വിജ്ഞാനീയങ്ങൾ മനസ്സിലാക്കുവാൻ അറബി ഭാഷ അറിയുക അനിവാര്യമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന ഖുർആന്റെ അനുയായികൾ സ്വന്തം ഭാഷകളിൽ ആശയവിനിമയം നടത്തുമ്പോൾ തന്നെ നിർബന്ധമായും അറബി ഭാഷ പഠിക്കുകയും ചെയ്യുന്നു. പ്രവാചക കാലത്ത് ജനങ്ങൾ അറബി സംസാരിച്ചിരുന്നത് വ്യത്യസ്ത രൂപത്തിലായിരുന്നു. ഖുറൈശ്, സഖീഫ്, മുളർ തുടങ്ങി വിവിധ ഗോത്രങ്ങൾക്ക് പല മൊഴി ഭേദങ്ങളുമുണ്ടായിരുന്നു. ഒരിക്കൽ പ്രവാചകനോട് മറ്റൊരു ശൈലിയിൽ സംസാരിക്കുന്ന ഒരു ഗോത്രക്കാരൻ ചോദിച്ചു. "അം മിനം ബിർറി അം സിയാമു ഫിം സഫർ'. (യാത്രയിൽ നോമ്പ് പുണ്യമാണോ എന്നാണ് ചോദ്യം). പക്ഷെ അയാൾ അലിഫ് ലാം ഉപയോഗിക്കുന്നതിന് പകരം 'അലിഫ് മീം' ആണ് ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന് പ്രവാചകൻ മറുപടി നൽകിയത് അയാളുടെ അതേ ഭാഷയിലും ശൈലിയിലുമായിരുന്നു. 'ലൈസ മിനം ബിർറി അം സിയാമു ഫിം സഫർ'. (യാത്രയിൽ നോമ്പ് പുണ്യമില്ല എന്ന്‌).

ഈ വ്യത്യാസങ്ങളെ ഉൾകൊണ്ടുകൊണ്ടാണ് പ്രവാചകൻ അവർക്കിടയിൽ ജീവിച്ചത്. ഉസ്മാൻ (റ) ന്റെ ഭരണ കാലത്ത് ഖുർആൻ ക്രോഡീകരണ സമയത്ത് അവരിൽ പ്രബല ഗോത്ര വിഭാഗമായ ഖുറൈശികളുടെ ശൈലിയിലേക്ക് അതിനെ ക്ലിപ്തപ്പെടുത്തുകയും ചെയ്തു. 'ഖുർആൻ അവതരിക്കപ്പെട്ടത് ഖുറൈശികളുടെ ഭാഷയിലാണ്' എന്നായിരുന്നു ഉഥ്മാൻ (റ) പറഞ്ഞിരുന്നത്. ഖുറൈശ് ഗോത്രത്തിലേക്കാണ് 'അബുൽ അറബ്' (അറബികളുടെ പിതാവ്) ഇസ്മാഈൽ നബിയുടെ  വംശപരമ്പര എത്തിച്ചേരുന്നത്. ഭാഷയിൽ നിപുണന്മാരായിരുന്നു ഖുറൈശികൾ. വ്യാകരണ ശാസ്ത്രത്തോടൊപ്പം ഉച്ചാരണ ശാസ്ത്രവും അവർ പരിഗണിച്ചിരുന്നു. 

ഭാഷയുടെ കാര്യത്തിൽ സ്വഹാബിമാർ വളരെയധികം സൂക്ഷ്മത പാലിച്ചു. പ്രവാചക വചനങ്ങൾ ഉദ്ധരിക്കുമ്പോൾ അക്ഷരങ്ങളും വ്യാകരണങ്ങളും തെറ്റാതിരിക്കാൻ അവർ അതീവ ശ്രദ്ധ പാലിച്ചു. അബൂബക്കർ (റ) ഒരിക്കൽ ഒരു വസ്ത്രവ്യാപാരിയോട് ഒരു വസ്ത്രം ചൂണ്ടി 'അത് വിൽക്കുന്നോ' എന്നു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: 'ലാ റഹിമകല്ലാഹ്'. അയാൾ ഉദ്ദേശിച്ചത് 'ഇല്ല, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു. പക്ഷെ അയാൾ പറഞ്ഞതിന്റെ അർഥം 'അല്ലാഹു താങ്കളെ അനുഗ്രഹിക്കാതിരിക്കട്ടെ' എന്നായിപ്പോയി. അബൂബക്കർ (റ) ചോദിച്ചു: 'എന്നാണ് ഇനി നിങ്ങളൊക്കെ നിങ്ങളുടെ ഭാഷ നന്നാക്കുക'?  'അങ്ങനെയല്ല, 'ലാ വ റഹിമകല്ലാഹ്' എന്നാണ് പറയേണ്ടത് എന്നു പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. 
 
ഒരിക്കൽ കൂഫയിലെ ഗവർണറായിരുന്ന സമയത്ത് അബൂ മൂസൽ അശ്അരി (റ) ഉമർ (റ) വിന് ഒരു കത്തയച്ചു. കത്തിന്റെ തുടക്കം 'മിൻ അബൂ മൂസൽ അശ്അരി ഇലാ അമീരിൽ  മുഅ്മിനീൻ' എന്നായിരുന്നു. അബൂ മൂസയിൽ നിന്നും അമീറുൽ മുഅ്മിനീനിലേക്ക് എന്നർത്ഥം. പക്ഷെ 'മിൻ' എന്ന അവ്യയത്തിന് ശേഷം അബൂ എന്നല്ല, അബീ എന്നായിരുന്നു പ്രയോഗിക്കേണ്ടിയിരുന്നത്. ഇത് കണ്ട ഉമർ (റ) ക്ഷുഭിതനാകുകയും കത്ത് തയ്യാറാക്കിയ സെക്രട്ടറിയെ ശാസിക്കാനും തൽസ്ഥാനത്ത് നിന്നും അയാളെ നീക്കം ചെയ്യാനും അബൂ മൂസയോട്  ഉത്തരവിട്ടു. ഭാഷയോട് വിട്ടുവീഴ്ചയില്ലാത്ത സമീപമാനമായിരുന്നു അവർ പുലർത്തിയിരുന്നത്. അതുകൊണ്ടാണ് ഇത്രയും കാലമായിട്ടും അറബി ഭാഷയുടെ വ്യാകരണത്തിനോ ഭാഷാ പ്രയോഗങ്ങൾക്കോ ഒരു മാറ്റവുമില്ലാത്തത്. ജീവൽഭാഷകളിൽ പ്രയോഗത്തിലും വ്യാകരണത്തിലും പഴമയും തനിമയും നിലനിർത്തുന്ന ഏകഭാഷ അറബിയാണ്. ആയിരത്തിനാനൂറ് വർഷം പിന്നിട്ടിട്ടും ഖുർആൻ എന്ന അത്ഭുത ഗ്രന്ഥം അതിന്റെ തനിമയോടെ നിലനിൽക്കുന്നത് കൊണ്ട് പ്രാചീന അറബി ഭാഷയുടെ രീതിശാസ്ത്രം നിത്യ പ്രശോഭിതമായി അവശേഷിക്കുന്നു.

ഭാഷ ആശയങ്ങളുടെ കലവറയാണ്. അതിന് മതമോ ജാതിയോ രാഷ്ട്രീയമോ ഇല്ല. ഒരു ഭാഷയും ഒരു വിഭാഗത്തിന്റെയും കുത്തകയല്ല. മനുഷ്യർക്കിടയിൽ സ്നേഹവും സൗഹാർദ്ദവും വളർത്തുവാനായിരിക്കണം ഭാഷയെ ഉപയോഗിക്കേണ്ടത്. അസഹിഷ്ണുതയും വർഗീയതയും വളർത്തുവാനായിരിക്കരുത്.

എത്ര ഭാഷകൾ സ്വയത്തമാക്കിയാലും മാതൃഭാഷയുടെ മാധുര്യം വേറെയാണ്. മറ്റു ഭാഷകൾ തലച്ചോറിനോട് സംവദിക്കുമ്പോൾ ഹൃദയത്തോട് സംവദിക്കുന്നത് മാതൃഭാഷയാണ്. വിശുദ്ധ ഖുർആൻ  വായിക്കുമ്പോൾ പോലും അവയുടെ ആശയം ഹൃദയത്തിലേക്ക് പ്രവേശിക്കുന്നത് മാതൃഭാഷയിലൂടെയാണ്.

വള്ളത്തോൾ പാടിയ പോലെ:

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍
മാതാവിന്‍ വാത്സല്യദുഗ്ദ്ധം നുകര്‍ന്നാലേ
പൈതങ്ങള്‍ പൂര്‍ണ്ണവളര്‍ച്ച നേടൂ.

Latest News