Sorry, you need to enable JavaScript to visit this website.

'കോവിഡ് വാക്‌സിനെടുത്താല്‍ മുതലകളായി മാറും', പ്രതിരോധ കുത്തിവെപ്പിനെതിരെ ബ്രസീല്‍ പ്രസിഡന്റ്

ബ്രസീലിയ- കോവിഡ് പ്രതിരോധ മരുന്നിനെതിരെ കടന്നാക്രമണവുമായി ബ്രസീല്‍ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജയിര്‍ ബൊല്‍സൊനാരോ. പല രാജ്യങ്ങളും ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ ആളുകളെ മുതലകളാക്കി മാറ്റുകയും സ്ത്രീകളില്‍ താടി  വളര്‍ച്ചയുണ്ടാക്കുമെന്നുമാണ് ബൊല്‍സൊനാരോയുടെ പുതിയ ആരോപണം.  'ഫൈസറിന്റെ കരാറില്‍ പറയുന്ന കാര്യം വളരെ വ്യക്തമാണ്. പ്രത്യാഘാതങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളാകില്ലെന്ന് അവര്‍ പറയുന്നുണ്ട്. വാക്‌സിനെടുത്ത് നിങ്ങള്‍ മുതലകളോ താടിയുള്ള സ്ത്രീകളോ ആയി മാറിയാല്‍ അത് നിങ്ങളുടെ മാത്രം പ്രശ്‌നമായിരിക്കും,' ബൊല്‍സൊനാരോ പറഞ്ഞു.

'നിങ്ങള്‍ അമാനുഷികരായി മാറുകയോ, സ്ത്രീകളില്‍ താടി വളരുകയോ, പുരുഷന്‍ സ്ത്രി ശബ്ദത്തില്‍ സംസാരിച്ചു തുടങ്ങുകയോ ചെയ്താല്‍ അവര്‍ക്ക് ഒന്നും ചെയ്യാനുണ്ടാവില്ല,' അദ്ദേഹം പറഞ്ഞു. 

നേരത്തെ കോവിഡിനെ ചെറിയൊരു പനി എന്നു വിളിച്ച് ഗൗരവം കുറച്ചു കാണിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. രാജ്യത്ത് വ്യാപക വാക്‌സിനേഷന്‍ പദ്ധതി ഉല്‍ഘാടനം ചെയ്ത ബൊല്‍സൊനാരോ താന്‍ കുത്തിവെപ്പ് എടുക്കില്ലെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ സൗജന്യമായിരിക്കും എന്നാല്‍ നിര്‍ബന്ധമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

യുഎസും ബ്രിട്ടനും അടക്കം ഏതാനും രാജ്യങ്ങളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ ബ്രസീലില്‍ പരീക്ഷണം നടന്നുവരികയാണ്. 


 

Latest News