കൊൽക്കത്ത- രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊൽക്കത്തയിലെത്തി. ഏതാനും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അമിത് ഷാ കൊൽക്കത്തയിലെത്തിയത്.
ശ്യാമ പ്രസാദ് മുഖർജിയുടെയും ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെയും ടാഗോറിന്റെയും മണ്ണിൽ തലകുനിക്കുന്നുവെന്ന് കൊൽക്കത്തയിലെത്തിയ ഉടൻ അമിത് ഷാ ട്വീറ്റ് ചെയ്തു. മമത ബാനർജിയുടെ മുൻ വലംകൈയും ബംഗാൾ മന്ത്രിസഭയിലെ പ്രമുഖനുമായ സുവേന്ദു അധികാരി അമിത് ഷായിൽനിന്ന് ബി.ജെ.പി അംഗത്വം ഏറ്റെടുക്കുമെന്നാണ് സൂചന. ഇന്ന് മിഡ്‌നാപുരിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അമിത് ഷാ പ്രസംഗിക്കും. ഈ യോഗത്തിൽ തൃണമൂലിന്റെ ചില നേതാക്കൾ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നും സൂചനയുണ്ട്. ബംഗാളിൽ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ അമിത് ഷായും ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദയും എല്ലാ മാസവും ബംഗാൾ സന്ദർശിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കി.






