ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കല്‍ നിര്‍ബന്ധമല്ലെന്നും സ്വയം സന്നദ്ധരാകുന്നവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ലഭ്യമാകുന്ന കോവിഡ് വാക്‌സിന്‍ മറ്റു രാജ്യങ്ങളില്‍ വികസിപ്പിച്ചവ പോലെ കാര്യക്ഷമമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നതിനാല്‍ നേരത്തെ കോവിഡ് ബാധിച്ചവരും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നത് ഉചിതമാണെന്നും മന്ത്രാലയം നിര്‍ദേശിച്ചു. രണ്ടാമത്തെ കുത്തിവെപ്പ് സ്വീകരിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് പൊതുവെ രോഗപ്രതിരോധ ശേഷിയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ വികസിച്ചുവരിക. അതുകൊണ്ട് തന്നെ വാക്‌സിന്‍ എടുക്കുമ്പോള്‍ പൂര്‍ണമായും കുത്തിവെപ്പുകള്‍ എടുക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡില്‍ നിന്ന് സ്വയം സംരക്ഷിക്കുന്നതിനും കുടുംബം, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, കൂടെ ജോലി ചെയ്യുന്നവര്‍ എന്നിവരിലേക്ക് രോഗ വ്യാപിക്കുന്നത് തടയുന്നതിനും പ്രതിരോധ കുത്തിവെപ്പ് പൂര്‍ണമായും സ്വീകരിക്കുന്നത് ഉചിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച പലസംശയങ്ങള്‍ക്കുമുള്ള മറുപടിയായി വിശദമായ പട്ടിക തന്നെ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
ആറ് വ്യത്യസ്ത കോവിഡ് വാക്‌സിനുകളാണ് ഇന്ത്യയില്‍ ഇപ്പോള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിന്‍, സൈഡസ് കാഡില, ഗെനോവ, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണം നത്തിവരുന്ന ആസ്ട്ര സെനക-ഓക്‌സ്‌ഫെഡ് വാക്‌സിന്‍, ഡോ. റെഡീസ് ലാബ് പരീക്ഷിക്കുന്ന റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് വി, യുഎസിലെ എംഐടിയുമായി സഹകരിച്ച് ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ ലിമിറ്റഡ് നിര്‍മിച്ച വാക്‌സിന്‍ എന്നിവയാണ് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇവയുടെ ക്ഷമതയും ഫലപ്രാപ്തയും സുരക്ഷിതത്വവും ബന്ധപ്പെട്ട ഏജന്‍സികള്‍ ഉറപ്പാക്കിയ ശേഷം മാത്രമെ ഉപയോഗിക്കാന്‍ അനുമതി നല്‍കൂവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.