യുപിയില്‍ 'ലവ് ജിഹാദ്' നിയമം ചുമത്തിയ യുവാവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ലഖ്‌നൗ- യുപിയിലെ ബിജെപി സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ ലവ് ജിഹാദ് നിയമം എന്നു വിളിക്കപ്പെടുന്ന മിശ്രവിവാഹം തടയല്‍ നിയമപ്രകാരം കേസ് ചുമത്തിയ മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്യരുതെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവ്. 32കാരനായ നദീം സഹോദരന്‍ സല്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് യുപി പോലീസ് ഈ നിയമപ്രകാരം കുറ്റം ചുമത്ത് കേസെടുത്തത്. ആരോപണങ്ങള്‍ക്ക് ഒരു തെളിവും ലഭ്യമല്ലാത്തതിനാല്‍ പോലീസിന് ബലാല്‍ക്കാരമായി നദീമിനെതിരെ ഇപ്പോള്‍ ഒരു നടപടിയും എടുക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് അടുത്ത തവണ പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്.

ഒരു പ്രമുഖ മരുന്ന് കമ്പനിയില്‍ ജീവനക്കാരനായ അക്ഷയ് കുമാര്‍ ത്യാഗിയാണ് നദീമിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. തൊഴിലാളിയായ നദീം മുസാഫര്‍നഗറിലെ തന്റെ വീ്ട്ടില്‍ ഇടക്കിടെ വരാറുണ്ടെന്നും തന്റെ ഭാര്യ പരുളിനെ മതംമാറ്റാന്‍ ലക്ഷ്യമിട്ട് പ്രേമക്കുരുക്കിലാക്കി എന്നുമാണ് അക്ഷയ് നല്‍കിയ പരാതി. തന്റെ ഭാര്യയെ ആകര്‍ഷിക്കാന്‍ സ്മാര്‍ട് ഫോണ്‍ നദീം സമ്മാനം നല്‍കിയിരുന്നുവെന്നും വിവാഹ വാഗ്ദാനം നല്‍കിയിരുന്നെന്നും അക്ഷയ് പരാതിയില്‍ ആരോപിക്കുന്നു. ഇതിനു മതിയായ തെളിവുകളില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 

ഇരയായ യുവതി സ്വന്തം ക്ഷേമത്തെ കുറിച്ച് മനസ്സിലാക്കാന്‍ ശേഷിയുള്ള മുതിര്‍ന്ന ആളാണ്. അവര്‍ക്കും പരാതിക്കാരനും സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്. ആരോപിക്കപ്പെടുന്ന ബന്ധത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് അറിയുന്ന മുതിര്‍ന്ന ആളുകളാണ് ഇരുവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. 


 

Latest News