Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് കമ്മിറ്റിയിൽ കൂടിയാലോചനയ്ക്കു  പകരം നടന്നതു ഗൂഢാലോചനയെന്ന്‌

കൽപറ്റ - തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ യു.ഡി.എഫിനു ജില്ലാ പഞ്ചായത്തിൽ ഭൂരിപക്ഷം ലഭിക്കാത്തതിനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നഷ്ടമായതിനും  ഉത്തരവാദിത്തം കോൺഗ്രസ് സമവായ കമ്മിറ്റിക്കാണെന്നു ഡി.സി.സി സെക്രട്ടറി പി.കെ.അനിൽകുമാർ.സമവായ കമ്മിറ്റി കൂടിയാലോചനയ്ക്കു പകരം ഗൂഢാലോചന നടത്തിയതാണ് പാർട്ടിക്കും യു.ഡി.എഫിനും തിരിച്ചടിയായത്. 
ജില്ലാ,ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥാനാർഥി നിർണയത്തിൽ വലിയ അപാകതകൾ ഉണ്ടായി. ഓരോ ഡിവിഷനിലെയും സാഹചര്യവും പ്രവർത്തകരുടെ വികാരവും കണക്കിലെടുക്കാതെയും സമവായ കമ്മിറ്റിയിലെ ഗ്രൂപ്പ് ക്യാപ്റ്റൻമാരുടെയും ശിങ്കിടികളുടെയും താത്പര്യത്തിനു അനുസൃതമായുമാണ് സ്ഥാനാർഥി നിർണയം നടന്നത്. നേതാക്കൾ വരുമ്പോൾ പെട്ടിയെടുക്കുന്നതാണ് സ്ഥാനാർഥിയാകുന്നതിനുള്ള ഏറ്റവും വലിയ യോഗ്യതയായി സമവായ കമ്മിറ്റിയിലെ പലരും കണ്ടത്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ എന്തു ചെയ്യണമെന്ന ചർച്ച കമ്മിറ്റിയിൽ ഉണ്ടായില്ല.
സ്ഥാനാർഥി നിർണയത്തിലെ വീഴ്ചകൾക്കു സമവായ കമ്മിറ്റി ചെയർമാനുമായ ഡി.സി.സി പ്രസിഡന്റിനെ പഴി പറയാനാകില്ല. അദ്ദേഹത്തെ  ഗ്രൂപ്പ് ക്യാപ്റ്റൻമാർ തടവറയിലാക്കി.


ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചതിൽ പാർട്ടിയിലെ സീനിയർ നേതാക്കളിൽപ്പെട്ട കെ.എൽ.പൗലോസ് പൊഴുതനയിലും കെ.കെ. വിശ്വനാഥൻ അമ്പലവയലിലും തോറ്റു. പുൽപള്ളിയിൽനിന്നുള്ള പൗലോസിനു പൊഴുതനയിലും കേണിച്ചിറയിൽനിന്നുള്ള വിശ്വനാഥനു അമ്പലവയലിലും സീറ്റു നൽകിയതു അനുചിതമായി. ജില്ലാ പഞ്ചായത്തിലെ എടവക ഡിവിഷനിൽ ഡി.സി.സി സെക്രട്ടറി ശ്രീകാന്ത് പട്ടയൻ തോറ്റു. ദീർഘകാലം യു.ഡി.എഫിനൊപ്പം നിന്നവരാണ് എടവകയിലെ വോട്ടർമാർ. ഇക്കുറി ഇവർ മാറിച്ചിന്തിച്ചു.ജില്ലാ പഞ്ചായത്തിലെ പൊഴുതന,എടവക ഡിവിഷനുകളിലുണ്ടായ തോൽവി പാർട്ടി ചർച്ചചെയ്യണം.കൽപറ്റ നഗരസഭയിലെ തുർക്കി വാർഡിൽ കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി.ആലി പരാജയപ്പെട്ടതിന്റെ കാരണം പരിശോധിക്കണം.യു.ഡി.എഫിനു മേൽക്കൈയുള്ള ഡിവിഷനുകളിലൊന്നാണ് തുർക്കി.


കൽപറ്റ ബ്ലോക്ക് പഞ്ചായത്തിലെ തരിയോട് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി തോറ്റതിനു പിന്നിലും സ്ഥാനാർഥി നിർണയത്തിലെ  വീഴ്ചയാണ്.സമീപ ഡിവിഷനിൽ നിർത്തിയാൽ ജയിക്കുമായിരുന്നയാളെയാണ് തരിയോട് സ്ഥാനാർഥിയാക്കി തോൽപ്പിച്ചത്.ചുവടെയുള്ള ഒന്നിനെയും വളരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പാർട്ടിയിലെ ആൽമരങ്ങൾ.ഈ അവസ്ഥയ്ക്കു അടിയന്തരമാറ്റം ആവശ്യമാണെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ അനിൽകുമാർ പറഞ്ഞു. 


 

Latest News