റിയാദ് - കോവിഡിനെതിരെ രാജ്യവ്യാപകമായി വാക്‌സിനേഷന് തുടക്കമായതോടെ എട്ട് പതിറ്റാണ്ട് മുമ്പ് നടന്ന വസൂരി വാക്‌സിനേഷൻ ഓർത്തെടുക്കുകയാണ് സൗദി ജനത. വസൂരി പടർന്നു പിടിച്ച് നിരവധി പേർ മരണത്തിന് കീഴടങ്ങിയ 1939 ൽ വസൂരിക്കെതിരെയുള്ള വാക്‌സിൻ ഒന്നടങ്കം സ്വീകരിച്ചതിന്റെ ഫലമായി രോഗം നിയന്ത്രിക്കാനായെന്നും കോവിഡിനെയും ഇതുപോലെ തുരത്തുമെന്നും ഈ ജനത ഒറ്റക്കെട്ടായി പറയുന്നു.
സൗദിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വാക്‌സിനേഷൻ ആദ്യമായി നടന്നത് 1939 ൽ വസൂരി പടർന്നുപിടിച്ച കാലത്തായിരുന്നു. ആയിരക്കണക്കിന് പേർ രോഗം ബാധിച്ച് മരിച്ചു വീണപ്പോൾ അബ്ദുൽ അസീസ് രാജാവ് വിദഗ്ധ ഡോക്ടർമാരെ കൊണ്ടുവന്നാണ് വാക്‌സിനേഷൻ നടത്തിയത്. തുടർന്ന് രോഗം പൂർണമായും വിട്ടൊഴിഞ്ഞു. ഇന്നത്തെ പോലെയുള്ള സംവിധാനങ്ങളില്ലായിരുന്നുവെങ്കിലും പരിമിത സൗകര്യങ്ങളിലായിരുന്നു എല്ലാം നടന്നത്. വാക്‌സിനേഷൻ എല്ലാവരും സ്വീകരിച്ചതോടെ വസൂരി രോഗം പൂർണമായും ഇല്ലാതായെന്ന് ഗവേഷകനായ സുൽത്താൻ അൽ മുതൈരി പറഞ്ഞു.
അബ്ദുൽ അസീസ് രാജാവ് ഭരണമേറ്റെടുത്ത ഉടനെ മക്ക ആസ്ഥാനമായി പൊതുജനാരോഗ്യ വകുപ്പ് രൂപീകരിച്ചു. ശേഷം എല്ലാ പ്രവിശ്യകളിലും അതിന്റെ ശാഖകൾ തുറന്നു.
1925 ൽ കൂടുതൽ വിപുലമാക്കി ഹെൽത്ത് ഡയറക്ടറേറ്റ് നിലവിൽ വന്നു. തുടർന്നാണ് രാജ്യത്ത് കൂടുതൽ ആശുപത്രികളും ഹെൽത്ത് സെന്ററുകളും സ്ഥാപിച്ചത്. വസൂരി വാക്‌സിനും കൈകാര്യം ചെയ്തിരുന്നത് ഈ ഡയറക്ടറേറ്റായിരുന്നു. 1979 ലും 1983 ലും ഉണ്ടായ രാജകൽപന പ്രകാരം ജനന സർട്ടിഫിക്കറ്റുകളെ ടി.ബി, ഡിഫ്ത്തീരിയ, ടെറ്റനസ്, പോളിയോ, വില്ലൻ ചുമ, അഞ്ചാം പനി എന്നിവക്കെതിരെയുള്ള വാക്‌സിനേഷനുമായി ബന്ധിപ്പിച്ചു. 1988 ലാണ് ഹെപ്പറ്റൈറ്റിസിനെതിരെ വാക്‌സിനേഷൻ സൗദി അറേബ്യ നടപ്പാക്കിയത്. പിന്നീട് റുബല്ല, മുണ്ടിവീക്കം എന്നിവക്കെതിരെയും വാക്‌സിനേഷൻ ഏർപ്പെടുത്തി. ഇതോടെ ഈ രോഗങ്ങളെല്ലാം രാജ്യത്ത് നന്നേ കുറഞ്ഞു.
ലോകത്തെ തന്നെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന കോവിഡ് രോഗത്തിനെതിരെ കഴിഞ്ഞ ദിവസം വാക്‌സിനേഷന് തുടക്കമായതോടെ വാക്‌സിനെടുക്കാനുള്ള താത്പര്യത്തിലാണ് സ്വദേശികളും വിദേശികളും. കഴിഞ്ഞ രണ്ടു ദിവസത്തിനകം രണ്ടു ലക്ഷത്തിലധികം പേർ ആരോഗ്യ മന്ത്രാലയത്തിന്റെ സിഹത്തീ ആപ്പിൽ വാക്‌സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്തു. വാക്‌സിനേഷനിൽ ആശങ്കപ്പെടാനില്ലെന്നറിയിച്ച് ആരോഗ്യമന്ത്രി തൗഫീഖ് അൽറബീഅ തന്നെയാണ് ആദ്യ വാക്‌സിൻ സ്വീകരിച്ചത്.






