തിരുവനന്തപുരം- കേരളത്തില്‍ ഇടതു സര്‍ക്കാരിന്റെ തുടര്‍ഭരണം സാധ്യമാക്കുന്നതിനു വേണ്ട ക്രമീകരണങ്ങളും തയാറെടുപ്പും നടത്താന്‍ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളും സന്ദര്‍ശിച്ചുള്ള കേരള പര്യടനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. ഡിസംബര്‍ 22 മുതല്‍ 30 വരെയാണ് മുഖ്യമന്ത്രിയുടെ പര്യടനം.
സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ആളുകളുമായി ആശയവിനിമയം നടത്തി ഭാവികേരളത്തിന്റെ എല്‍.ഡി.എഫ് കാഴ്ചപ്പാട് രൂപീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളീയ പൊതുസമൂഹത്തിലെ കൂടുതല്‍ അനുഭവ സമ്പത്തും പരിജ്ഞാനവുമുള്ള ആളുകളുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തും. കോവിഡ് പശ്ചാത്തലത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പരിമിതികളുള്ളതിനാലാണ് ഇത്തരമൊരു പരിപാടി ആലോചിച്ചതെന്ന് എ.കെ.ജി സെന്ററില്‍ ചേര്‍ന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു വിജയരാഘവന്‍ പറഞ്ഞു.