Sorry, you need to enable JavaScript to visit this website.

അന്ന് പൂച്ചെണ്ട് തന്നില്ലെങ്കിലും ഇന്ന് ഉത്തരവാദിത്തമേല്‍ക്കുന്നു- മുല്ലപ്പള്ളി

തിരുവനന്തപുരം- തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ  പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തെ പൊതുരാഷ്ട്രീയ സാഹചര്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരുന്നത് തീര്‍ത്തും നിരാശാജനകമാണ്. വീഴ്ചകളില്‍നിന്ന്  പാഠം ഉള്‍ക്കൊണ്ട്, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന ശുഭാപ്തിയുണ്ടെന്നും പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കേരളം ഭരിക്കുന്ന ഇടതുപക്ഷവും തെരഞ്ഞെടുപ്പില്‍ പണത്തിന്റെ ഒഴുക്കാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ വിശദമാക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 നേടിയപ്പോള്‍ എനിക്കാരും പൂച്ചെണ്ട് തന്നിരുന്നില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയം നേരിട്ട സാഹചര്യത്തില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഏറ്റെടുക്കുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ തുറന്ന പുസ്തകമാണ്. എന്നാല്‍ മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.

 

Latest News