ഹാഫ്‌റസ്, പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സി.ബി.ഐ

ന്യൂദൽഹി- ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതികളായ നാലു പേരും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കേസ് അന്വേഷിച്ച സിബിഐ. സെപ്തംബറില്‍ നടന്ന സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഹാഥ്‌റസിലെ പ്രത്യേക കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഉയര്‍ന്ന ജാതിക്കാരായ നാലു യുവാക്കളാണ് കേസിലെ പ്രതികള്‍. പീഡനത്തിനിരയായി രണ്ടാഴ്ചയോളം യുപിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹി എയിംസിലേക്ക് പെണ്‍കുട്ടിയെ മാറ്റിയിരുന്നു. ഇവിടെ വച്ചാണ് പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്ന് യുപി പോലീസ് മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കാതെ ഹാഥ്‌റസിലെത്തിച്ച് സംസ്‌ക്കരിക്കുകയായിരുന്നു. ഇതു കോടതിയുടെ അടക്കം വിമര്‍ശനത്തിന് ഇടയാക്കി. 

പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് യുപി പോലീസ് പറഞ്ഞിരുന്നു. ഇതും വിവാദമായി. ഇതിനു പിന്നാലെ പെണ്‍കുട്ടിയെ ചികിത്സിച്ച അലിഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചിരുന്നു. ഈ ഡോക്ടര്‍മാരെ ആശുപത്രിയില്‍ നിന്ന് മാറ്റിയതും വിവാദമായിരുന്നു.

അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണം ശക്തമായതോടെയാണ് അലഹാബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സംഭവം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

Latest News