റിയാദ് - കൊറോണ വാക്‌സിൻ കുത്തിവെപ്പ് എടുത്ത തങ്ങൾക്ക് പാർശ്വഫലങ്ങളൊന്നും അനുഭവപ്പെടുന്നില്ലെന്ന് രാജ്യത്ത് ആദ്യമായി പ്രതിരോധ കുത്തിവെപ്പ് എടുത്ത വനിതകൾ പറഞ്ഞു. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷാ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന സൗദി ഭരണാധികാരികൾക്ക് ആദ്യമായി കുത്തിവെപ്പ് എടുത്ത കൂട്ടത്തിൽ പെട്ട സൗദി വനിത ശൈഖ ബിൻത് അതീഖ് അൽഹർബി നന്ദി പ്രകടിപ്പിച്ചു. 'പ്രതിരോധ കുത്തിവെപ്പ് എടുത്ത തനിക്ക് പാർശ്വഫലങ്ങളൊന്നും അനുഭവപ്പെടുന്നില്ല. പ്രതിരോധ കുത്തിവെപ്പ് നടത്താൻ എല്ലാവരും മുന്നോട്ടുവരണം. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷമാണ്. ആളുകളുടെ ആരോഗ്യ കാര്യത്തിലും ജനങ്ങൾക്ക് മികച്ച മെഡിക്കൽ സേവനങ്ങൾ നൽകാനുമുള്ള മന്ത്രിയുടെ അതീവ താൽപര്യം തനിക്ക് നേരിട്ട് ബോധ്യപ്പെട്ടു. ആദ്യ ഡോസ് പ്രതിരോധ കുത്തിവെപ്പാണ് താൻ എടുത്തത്. ആസ്ത്മക്ക് സ്ഥിരമായി മരുന്നുകൾ കഴിക്കുന്ന തനിക്ക് കൊറോണ വാക്‌സിൻ എടുത്ത ശേഷം പാർശ്വഫലങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല'- ശൈഖ ബിൻത് അതീഖ് അൽഹർബി പറഞ്ഞു.
കൊറോണ വാക്‌സിൻ എടുത്ത സൗദി വനിത ശൈഖ ബിൻത് അതീഖ് അൽഹർബി
കൊറോണ വാക്‌സിൻ കുത്തിവെപ്പ് നടത്താൻ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ച ഉടൻ മാതാവിനെ തങ്ങൾ രജിസ്റ്റർ ചെയ്യുകയായിരുന്നെന്ന് പുത്രൻ അതീഖ് അൽമുതൈരി പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ള സമയം അറിയിച്ച് തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ടു. അപ്പോയിന്റ്‌മെന്റ് അനുസരിച്ച് ഇന്നലെ രാവിലെയാണ് എക്‌സിറ്റ് ഒമ്പതിൽ ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ച കേന്ദ്രത്തിൽ തങ്ങൾ എത്തിയത്. മാതാവിന് പ്രതിരോധ കുത്തിവെപ്പ് നടത്തിയ മുറിയുടെ തൊട്ടടുത്ത റൂമിൽ ആരോഗ്യ മന്ത്രി വാക്‌സിൻ കുത്തിവെപ്പ് എടുക്കുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നു. പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയ ശേഷം മാതാവിനെ സമീപിച്ച ആരോഗ്യ മന്ത്രി കൊറോണ വാക്‌സിൻ ലഭിക്കുന്ന ആദ്യ സൗദി വനിതയാണ് എന്ന കാര്യം അറിയിച്ചു. അറുപതുകാരിയായ മാതാവിൽ പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷം ഒരുവിധ പാർശ്വഫലങ്ങളും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും അതീഖ് അൽമുതൈരി പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പ് എടുത്ത സിറിയക്കാരിയും സൗദി ഭരണാധികാരികൾക്ക് നന്ദി പറഞ്ഞു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ഈ രാജ്യത്ത് കഴിയുന്ന എല്ലാവർക്കും പ്രത്യേക ശ്രദ്ധയും പരിചരണവും ലഭിക്കുന്നുണ്ട്. വളരെ വേഗത്തിൽ സ്വദേശികൾക്കും വിദേശികൾക്കും സൗദി ഭരണകൂടം വാക്‌സിൻ ലഭ്യമാക്കി. പ്രതിരോധ കുത്തിവെപ്പ് നടത്തിയ ശേഷം തനിക്ക് ഒരുവിധ പാർശ്വഫലങ്ങളും അനുഭവപ്പെടുന്നില്ലെന്നും യുവതി പറഞ്ഞു.