കോവിഡ് വാക്‌സിന്‍ വിതരണത്തിന് സഹായം ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കും-ഇലക് ഷന്‍ കമ്മീഷന്‍

ന്യൂദല്‍ഹി- അടുത്ത വര്‍ഷം രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് സഹായം ആവശ്യമാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു.
ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഐഡിയ എക്‌സ്‌ചേഞ്ച് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി അഭൂതപൂര്‍വമായ ദേശീയ പ്രതിസന്ധിയാണെന്നും അതിന് അസാധാരണമായ നടപടികള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
 വാക്‌സിന്‍ കൈകാര്യം ചെയ്യുന്നതിന് സഹായിക്കാന്‍ നിലവില്‍,ഞങ്ങള്‍ക്ക് നിയമപരമായ അധികാരമില്ല. തെരഞ്ഞെടുപ്പ് നടത്താനാണ് ആര്‍ട്ടിക്കിള്‍ 324 പ്രകാരമുള്ള അധികാരം. എന്നാല്‍ കമ്മീഷന്റെ അനുഭവവും വൈദഗ്ധ്യവും കണക്കിലെടുക്കുമ്പോള്‍, ഒരു ദേശീയ ലക്ഷ്യത്തിനായി സമീപിച്ചാല്‍ അത് ഏറ്റെടുക്കും- അദ്ദേഹം പറഞ്ഞു.

കോവിഡ് 19 വാക്‌സിനേഷന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് സമാനമാകുമെന്ന്  ആരോഗ്യ മന്ത്രാലയം ഈയിടെ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇതേക്കുറിച്ച്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് ചോദിച്ചത്. വാക്‌സിനേഷന്‍ പ്രക്രിയയില്‍ നിലവില്‍ കമ്മീഷനില്‍ നിന്ന് സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News