Sorry, you need to enable JavaScript to visit this website.

കര്‍ഷക പ്രതിഷേധം; യു.പിയിലെ നേതാക്കള്‍ക്ക് 50 ലക്ഷം രൂപയുടെ നോട്ടീസ്; തുക കുറക്കുമെന്ന് പോലീസ്

ലഖ്‌നൗ- കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ പങ്കുചേരുന്നതിന് കര്‍ഷകരെ പ്രേരിപ്പിക്കാതിരിക്കാന്‍  നേതാക്കള്‍ 50 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടുകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തിലെ തുക പിശകാണെന്നും തിരുത്തുമെന്നും പോലീസ് അറിയിച്ചു.

കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നതില്‍ നിന്ന് തടയാന്‍ കര്‍ഷക നേതാക്കള്‍ 50 ലക്ഷം രൂപ വീതം വ്യക്തിഗത ബോണ്ടുകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കു മുമ്പാണ് ഉത്തര്‍പ്രദേശില്‍ സാംഭാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നോട്ടീസ് അയച്ചത്. എന്നാല്‍ നോട്ടീസ് തന്നെ ജനാധിപത്യ പ്രതിഷേധം തടയുന്നതാണെന്ന്  കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു.

ഭാരതീയ കിസാന്‍ യൂണിയന്റെ ആറ് ഭാരവാഹികള്‍ക്കാണ് സാംഭാലില്‍ 50 ലക്ഷം രൂപ വീതമുള്ള ബോണ്ടിന് നോട്ടീസ് അയച്ചത്.

അഞ്ച് ലക്ഷം രൂപ വീതമുള്ള ബോണ്ട് ആവശ്യപ്പെട്ട് സമാനമായ നോട്ടീസ് മറ്റ് ആറ് പേര്‍ക്കും അയച്ചിട്ടുണ്ട്. സിആര്‍പിസിയിലെ സെക്ഷന്‍ 111 പ്രകാരം ഡിസംബര്‍ 12, 13 തീയതികളിലാണ് നോട്ടീസ് അയച്ചത്.  ഇത്തരത്തില്‍ ബോണ്ട് ആവശ്യപ്പെട്ട്  കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ മജിസ്‌ട്രേറ്റിന് അധികാരമുണ്ട്.

സാംഭാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായി തുകയെ കുറിച്ച് സംസാരിച്ചുവെന്നും തുകയില്‍ പിശക് സംഭവിച്ചിട്ടുണ്ടെന്നും തിരുത്തുമെന്നും
സാംഭാല്‍ പോലീസ് സൂപണ്ട് ചക്രേഷ് മിശ്ര പറഞ്ഞു.

എസ്ഡിഎം നിലവില്‍ അവധിയിലാണെന്നും അദ്ദേഹം തിരിച്ചെത്തിയാല്‍ ബോണ്ട്  50,000 രൂപയാക്കി കുറയ്ക്കുമെന്നും സാംഭാല്‍ സര്‍ക്കിള്‍ ഓഫീസര്‍ അരുണ്‍ കുമാര്‍ സിംഗും പറഞ്ഞു.

എന്നാല്‍ ഇത്തരം തന്ത്രങ്ങള്‍ക്ക് വഴങ്ങില്ലെന്നും   ജയിലില്‍ പോകുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

 

Latest News