Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്കെതിരെ വരച്ച കാർട്ടൂണിസ്റ്റ് തമിഴ്‌നാട്ടിൽ അറസ്റ്റിൽ 

ചെന്നൈ- തമിഴ്‌നാട്ടിലെ ഫ്രീലാൻസ് കാർട്ടൂണിസ്റ്റ് ജി. ബാലയെ തമിഴ്‌നാട് സർക്കാരിനെയും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും വിമർശിച്ച കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി കലക്ടറേറ്റിൽ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തെ രക്ഷിക്കുന്നതിൽ സർക്കാരും മുഖ്യമന്ത്രിയും വീഴ്ച വരുത്തിയെന്ന് കുറ്റപ്പെടുത്തുന്ന കാർട്ടൂൺ ആണ് പ്രശ്‌നമായത്. രാഷ്ട്രീയ സ്വഭാവമുള്ള കാർട്ടൂണുകളിലൂടെ ശ്രദ്ധേയനായ ബാലയുടെ അറസ്റ്റ് വിവാദമായിട്ടുണ്ട്.
ഒരു കുട്ടി പൊള്ളലേറ്റു കിടക്കുമ്പോൾ തിരുനെൽവേലി കമ്മീഷണറും കലക്ടറും മുഖ്യമന്ത്രിയും ഒന്നും ചെയ്യാതെ ചുറ്റിലും നിൽക്കുന്നതാണ് കാർട്ടൂണിന്റെ ഇതിവൃത്തം. ഇവരെ നഗ്‌നരായാണ് കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇവർ നോട്ടുകെട്ടുകൾ ഉപയോഗിച്ച് നഗ്‌നത മറയ്ക്കുന്നതും കാർട്ടൂണിലുണ്ട്. കുട്ടിയുടെ ജീവനു വിലനൽകാതെ പണത്തിനു പിന്നാലെ പോകുന്ന നേതാക്കളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതാണ് കാർട്ടൂൺ.
ഈ കാർട്ടൂൺ ഇക്കഴിഞ്ഞ ഒക്ടോബർ 24 ന് ബാല സമൂഹമാധ്യമത്തിലെ തന്റെ പേജിൽ പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കകം വൈറലാകുകയും ഒട്ടേറെപ്പേർ ഷെയർ ചെയ്യുകയും ചെയ്തു. 13,000–ത്തോളം ആളുകളാണ് ഈ കാർട്ടൂൺ ഇതുവരെ ഷെയർ ചെയ്തത്. ഫെയ്‌സ്ബുക്കിൽ മാത്രം 65,000ൽ അധികം ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ബാല.
താനുൾപ്പെടെയുള്ളവർ കഥാപാത്രങ്ങളായ കാർട്ടൂൺ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ തിരുനെൽവേലി ജില്ലാ കലക്ടർ ഇക്കാര്യം തമിഴ്‌നാട് ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും അറിയിക്കുകയായിരുന്നു. തുടർന്നാണ് കാർട്ടൂണിസ്റ്റായ ബാലയെ അറസ്റ്റ് ചെയ്തത്. 
അപകീർത്തിപ്പെടുത്തുന്നതും അശ്ലീലം കലർന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് ഐടി ആക്ട് സെക്ഷൻ 67, ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 501 എന്നിവ പ്രകാരമാണ് അറസ്റ്റ്. 
കൊള്ളപ്പലിശ സംഘത്തിന്റെ ഭീഷണിയെ തുടർന്നു തിരുനൽവേലി കലക്ടറേറ്റിനുള്ളിൽ ഒരു കുടുംബമൊന്നാകെ തീകൊളുത്തി മരിച്ച സംഭവം വൻ വിവാദമായിരുന്നു. ആത്മഹത്യക്കു ശ്രമിച്ച നാലംഗ കുടുംബത്തിലെ അമ്മയും രണ്ടുമക്കളും അന്നു തന്നെ മരിച്ചിരുന്നു. കലക്ടറുടെ പരാതിപരിഹാര യോഗത്തിനിടെ ഗൃഹനാഥൻ കന്നാസിൽ കരുതിയിരുന്ന മണ്ണെണ്ണ തന്റെയും കുടുംബാംഗങ്ങളുടെയും ദേഹത്തൊഴിച്ചു തീകൊളുത്തുകയായിരുന്നു. ഈ സംഭവമാണ് കാർട്ടൂണിന് ആധാരമായത്.


 

Latest News