Sorry, you need to enable JavaScript to visit this website.

ലീഗ് വിമതൻ പിന്തുണച്ചു, കൊച്ചിയിൽ ഭരണം ഇടതിന്‌

കൊച്ചി - പത്തുവർഷങ്ങൾക്കുശേഷം കൊച്ചി കോർപറേഷൻ ഭരണം എൽ.ഡി.എഫിന്റെ കൈകളിലേക്ക്. ലീഗ് വിമതനായി മത്സരിച്ച് വിജയിച്ച ടി.കെ. അഷറഫ് എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇരു മുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത കൊച്ചി കോർപറേഷൻ ഭരണത്തിലേക്ക് ഇടവേളയ്ക്ക് ശേഷം വീണ്ടും എൽ.ഡി.എഫ് എത്തുന്നത്. 
പശ്ചിമ കൊച്ചിയിലെ കൽവത്തി ഡിവഷനിൽ നിന്നാണ് ലീഗ് വിമതനായി ടി.കെ. അഷറഫ് മത്സരിച്ചത്. ഇന്നലെ രാവിലെ ലീഗ് വിമതനായ ടി.കെ. അഷറഫുമായി വീണ്ടും ചർച്ച നടത്തി ധാരണയിലെത്തിയതോടെയാണ് കൊച്ചിയുടെ ഭരണം ഇടവേളയ്ക്കു ശേഷം എൽ.ഡി.എഫിന്റെ കൈകളിലെത്താൻ കളമൊരുങ്ങിയത്.


കൊച്ചി കോർപറേഷനിൽ എൽ.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായി ചർച്ചയ്ക്ക് ശേഷം ടി.കെ. അഷറഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. യാതൊരു ഉപാധിയുമില്ലാതെയാണ് എൽ.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് അഷറഫ് പറഞ്ഞു. സ്മാർട് സിറ്റി പദ്ധി, രാജീവ് ആവാസ് യോജന അടക്കമുള്ള പദ്ധതികളിൽ പിന്നോക്കാവസ്ഥയിലുള്ള മട്ടാഞ്ചേരി പ്രദേശത്ത് ഭവന ദാരിദ്രമുള്ള ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ഭരണസമതിക്ക് ഇത് വേണ്ട രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞില്ല. ഇത്തരം പദ്ധതികൾ സമയബന്ധിതമായി പൂർത്തികരിക്കാനുള്ള സഹായം നൽകണമെന്നതാണ് താൻ എൽ.ഡി.എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ടി.കെ. അഷ്‌റഫ് പറഞ്ഞു. ഇത് സമയബന്ധിതമായി തന്നെ നടപ്പിലാക്കാമെന്ന് എൽ.ഡി.എഫ് തനിക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും ടി.കെ. അഷറഫ് പറഞ്ഞു. ഭരണത്തിൽ എതു വിധത്തിലുള്ള പങ്കാളിത്തമാണ് എന്നത് സംബന്ധിച്ച് ഇപ്പോൾ വ്യക്തമായ വാഗ്ദാനം ഇല്ലെങ്കിലും ഇത് സ്വാഭാവികമായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യം ചർച്ചയിലേക്ക് വന്നിട്ടില്ലെന്നും ടി.കെ. അഷ്‌റഫ് വ്യക്തമാക്കി. കോൺഗ്രസുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം തമ്മിൽത്തല്ല് മാത്രമാണ് നടന്നത്. കൂടുതൽ വിമതർ എൽ.ഡി.എഫിന് പിന്തുണ നൽകുമെന്നും ടി.കെ. അഷറഫ് വ്യക്തമാക്കി.


കഴിഞ്ഞ രണ്ടു തവണയായി കൊച്ചി കോർപറേഷൻ ഭരിച്ചിരുന്ന യു.ഡി.എഫിന് ഇത്തവണ 31 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. 34 സീറ്റു നേടി എൽ.ഡി.എഫ് ഏറ്റുവും വലിയ ഒറ്റക്കക്ഷിയാകുകയും എൻ.ഡി.എ അഞ്ചിടത്തും നാലിടത്ത് യു.ഡി.എഫ്, എൽ.ഡി.എഫ് വിമതർ വിജയിക്കുകയും ചെയ്തതോടെയാണ് കൊച്ചി കോർപറേഷൻ ആര് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തത്. 38 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കുന്ന കക്ഷിക്ക് കോർപറേഷൻ ഭരിക്കാമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും എൻ.ഡി.എ രണ്ടു മുന്നണികളുമായും സഹകരിക്കാത്ത സാഹചര്യത്തിൽ 35 സീറ്റിന്റെ ഭൂരിപക്ഷമുള്ള മുന്നണിക്ക് ഭരണത്തിലേറാം. നാലു വിമതരിൽ മൂന്നു പേർ യു.ഡി.എഫ് വിമതരും ഒരാൾ എൽ.ഡി.എഫ് വിമതനുമാണ് 34 സീറ്റുള്ള എൽ.ഡി.എഫിന് ഒരു വിമതന്റെ പിന്തുണ മാത്രമുണ്ടെങ്കിൽ ഭരിക്കാം. എന്നാൽ യു.ഡി.എഫിന് നാലു വിമതരുടെയും പിന്തുണ ആവശ്യമാണ്. കോർപേറഷനിൽ വീണ്ടും ഭരണം പിടിക്കാനായി യു.ഡി.എഫ് ഇന്നലെ തന്നെ നാലു വിമതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എൽ.ഡി.എഫും വിമതരുമായി ചർച്ച നടത്തിയിരുന്നു.

 

Latest News