മലപ്പുറം- നഗരസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്ന് നിലമ്പൂരിലെ കോൺഗ്രസ് നേതാക്കൾ രാജിവെച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബാബു മോഹനക്കുറുപ്പ്, നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് എന്നിവരാണ് ഡി.സി.സി പ്രസിഡന്റിനു രാജി നൽകിയത്. തെരഞ്ഞെടുപ്പിനു നേതൃത്വം നൽകിയ വ്യക്തികൾ എന്ന നിലയിൽ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
നിലമ്പൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനും കോൺഗ്രസിനും കനത്ത തിരിച്ചടി നേരിട്ടതോടെ കോൺഗ്രസ് സമ്മർദത്തിലായിരിക്കുകയാണ്. നഗരസഭയിൽ യു.ഡി.എഫിനു 25 സീറ്റ് ഉായിരുന്നത് ഒമ്പതായി കുറഞ്ഞു. സ്ഥാനാർഥി നിർണയം കോൺഗ്രസിനു ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമാണ് സ്ഥാനാർഥികളെ പരസ്യമായി പ്രഖ്യാപിച്ചത്. ഒരുവിഭാഗം മാത്രം സ്ഥിരമായി മത്സിക്കുന്നുവെന്ന ആരോപണവുമായി യുവ നേതാക്കളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇരു സ്ഥാനങ്ങൾ ഒന്നിച്ചു വഹിക്കരുതെന്ന കെ.പി.സി.സി നിർദേശം മറികടന്ന് നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഈയംമട ഡിവിഷനിൽ മത്സരിച്ചതിനെതിരെ പാർട്ടിയിൽ വിമർശനങ്ങളുായിരുന്നു. ഈ സീറ്റിൽ ഗോപിനാഥ് സി.പി.എമ്മിലെ മാട്ടുമ്മൽ സലീമിനോട് 230 വോട്ടിന് തോറ്റു. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. കരീമിന്റെ വിജയം 40 വോട്ടിനും മുനിസിപ്പൽ കോൺഗ്രസ് മുൻ പ്രസിഡന്റ് പാലൊളി മെഹ്ബൂബ് എഴു വോട്ടിനുമാണ്. വിജയിച്ച കോൺഗ്രസ് സ്ഥ്ാനാർഥികളുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതും പാർട്ടിയെ ആശങ്കയിലാക്കി.
നഗരസഭയിൽ ബി.ജെ.പി അക്കൗണ്ട് തുറന്ന കോവിലകത്തുമുറിയിൽ കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ജില്ലയിൽ കോൺഗ്രസ് ഭരണ നേതൃത്വം നൽകുന്ന ഏക നഗരസഭയായ നിലമ്പൂർ കൈവിട്ടത് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും തലവേദന സൃഷ്ടിക്കും. രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യ കിറ്റ് അടക്കമുള്ളവ നശിച്ച സംഭവത്തിൽ ഡി.സി.സി അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല. സംഭവത്തെത്തുടർന്നു പാലോളി മഹ്ബൂബ് മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ഈ വിഷയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിച്ചെന്നാണ് വിലയിരുത്തൽ.